തിരുവനന്തപുരം: ആര്യനാട് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ കോൺഗ്രസ്- സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഉദ്ഘാടകനായ മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ നോക്കി നിൽക്കെ, സ്കൂൾ വിദ്യാ‍ർത്ഥികളുടെ മുന്നിലായിരുന്നു കയ്യാങ്കളി. ജി.കാർത്തികേയൻ എംൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങ്. 

സ്വാഗത പ്രാസംഗിക ആര്യാനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്യാമില ബീഗം. എന്നാൽ ഇത് പ്രോട്ടോക്കോൾ വേദിയിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്തംഗം സ്വാഗതം പറയണമെന്നും സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമായത്. പിടിഎ നിഷ്കർഷിച്ച രീതിയിലല്ല ചടങ്ങിന്‍റെ നോട്ടീസ് തയ്യാറാക്കിയതെന്നും സിപിഎം പ്രവർത്തകർ ആരോപിക്കുന്നു. 

സ്വാഗത പ്രസംഗം തുടങ്ങുംമുമ്പേ രംഗം വഷളാവുന്നത് കണ്ട എംഎൽഎ ശബരീനാഥൻ, ഇടപെട്ട് രംഗം ശാന്തമാക്കി. ഉടൻ ഉദ്ഘാടനവും നടത്തി . മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ആശംസകൾ അർപ്പിക്കാൻ വേദിയിലുണ്ടായിരുന്നവർ തുനിഞ്ഞപ്പോഴേക്കും വീണ്ടും കയ്യാങ്കളി.

സ്കൂൾ വിദ്യാർത്ഥികൾ നോക്കിനിൽക്കെയായിരുന്നു ഇരുപക്ഷവും ഏറ്റുമുട്ടിയത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റമുണ്ടായി .സംഘർഷത്തിനിടെ മന്ത്രി ചടങ്ങ്പൂർത്തിയാക്കി വേദിവിട്ടു.