ശബരിമലയിലെ യുവതീപ്രവേശനത്തിന്‍റെ പേരിൽ സംസ്ഥാനം യുദ്ധക്കളമായി. പലയിടത്തും വ്യാപകസംഘർഷമാണ് ഉണ്ടായത്. കൊടുങ്ങല്ലൂരിൽ തുടങ്ങി പലയിടങ്ങളിലും മിന്നൽ ഹർത്താലുകൾ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ശബരിമല കർമസമിതി പ്രവർത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു. കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് സർവീസുകൾക്ക് നേരെ അക്രമമുണ്ടായി. സർക്കാർ ഓഫീസുകൾ അടിച്ചു തകർത്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവുയുദ്ധമാണ് അരങ്ങേറിയത്. 

തിരുവനന്തപുരം

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ വ്യാപക അക്രമം, കല്ലേറ്, കണ്ണീര്‍ വാതകം, ജലപീരങ്കി. സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ മുഖാമുഖം നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് അക്രമം തുടങ്ങിയത്. വലിയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു.

വനിതാമതിലിന്‍റെ പോസ്റ്ററുകളും മറ്റും നശിപ്പിച്ചതിനെതിരെയാണ് പ്രതിഷേധവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനി‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി എത്തിയത്. ഇതിനിടെ ഒരു വിഭാഗം മഹിളാ മോർച്ചാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്ന് ഇരുവിഭാഗവും നേർക്കു നേർ നിലയുറപ്പിച്ച് മുദ്രാവാക്യം വിളി തുടങ്ങി.

മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മുകാര്‍ക്ക് നേരെ കല്ലേറ് നടത്തി. സിപിഎമ്മുകാര്‍ തിരിച്ചും കല്ലേറ് തുടങ്ങി. കല്ലേറ് രൂക്ഷമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ല. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍ പൊലീസുകാര്‍ക്കും അക്രമികള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇതിനിടെ നിരാഹാരത്തിലിരുന്ന ബിജെപി നേതാവ് എൻ ശിവരാജന് ദേഹാസ്വാസ്ഥ്യമുണ്ടായി. ശിവരാജനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും പോകാൻ തയ്യാറായില്ല. തുടർന്ന് മൂന്ന് മണിക്കൂറോളം നീണ്ട സംഘർഷം നീണ്ടു. ഒടുവിൽ സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശ് എത്തി സിപിഎം, ബിജെപി നേതാക്കളുമായി സമവായചർച്ച നടത്തിയ ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. 

നെയ്യാറ്റിൻകരയിൽ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചയാളെ പൊലീസ് വിരട്ടിയോടിച്ചു.

പാലക്കാട്

മന്ത്രി എ കെ ബാലനെതിരെയാണ് ഉച്ചയ്ക്ക് 2 മണിയോടെ പാലക്കാട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം തുടങ്ങിയത്. പാലക്കാട്ട് മന്ത്രി താമസിച്ചിരുന്ന കെഎസ്ഇബി ഇൻസ്പെക്ഷൻ ബംഗ്ലാവിന് മുന്നിലായിരുന്നു പ്രതിഷേധം. സമീപത്തെ കടകളെല്ലാം ബലം പ്രയോഗിച്ച് ബിജെപി പ്രവർത്തകർ അടപ്പിച്ചു. ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്തു. സിപിഎമ്മിന്‍റെയും സിഐടിയുവിന്‍റെയും പോസ്റ്ററുകൾ വലിച്ചു കീറി.

തടയാനെത്തിയ പൊലീസിന് നേരെ ബിജെപി പ്രവർത്തകർ കുപ്പിയും കല്ലും വടിക്കഷ്ണങ്ങളുമെറിഞ്ഞു.തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്ന് സംഘർഷാവസ്ഥയായി. നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. 

രണ്ടിടത്താണ് പാലക്കാട് കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായത്. കൊടുവായൂരും വാളയാറിനടുത്തുള്ള ചുള്ളിമടയിലും ശബരിമല കർമസമിതി പ്രവർത്തകർ കെഎസ്ആർടിസി ബസ്സുകളുടെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രതയിലാണ്.

മാവേലിക്കര

മാവേലിക്കര താലൂക്ക് ഓഫീസ് ബിജെപി പ്രവർത്തകർ അടിച്ചു തകർത്തു. ഉച്ചയോടെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകൾ താലൂക്കോഫീസിലേക്ക് മാർച്ചുമായി എത്തിയത്. ഓഫീസിലേക്ക് ഇരച്ചു കയറിയ ഇവർ ഫർണിച്ചറുകൾ തല്ലിത്തകർത്തു. പൊലീസ് എത്തി ഒടുവിൽ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന അംഗപരിമിതനായ കൗമാരക്കാരനെയും അമ്മയെയും കർമസമിതി പ്രവർത്തകർ ആക്രമിച്ചു. അവരുടെ ചായക്കട അടിച്ചു തകർത്തു. പതിനേഴുകാരനായ ജയപ്രകാശിനെയും അമ്മ സുശീലയെയുമാണ് ആക്രമിച്ചത്. മാവേലിക്കരയിൽ ഹർത്താൽ പ്രഖ്യാപിച്ചെന്നും കട അടയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന് പറഞ്ഞതിനാണ് അക്രമം. 

തയ്യാറാക്കി വച്ചിരുന്ന പലഹാരങ്ങളും അലമാരയും ഉപകരണങ്ങളും ക‍ർമ്മസമിതി പ്രവർത്തകർ നശിപ്പിച്ചു. തിരുവല്ലയിലെ കടകൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പത്തനം തിട്ടയിലും തുറന്നിരുന്ന കടകൾ നിർബന്ധപൂർവം അടപ്പിച്ചു. ജില്ലയിൽ പലയിടത്തും തുറന്നിരുന്ന കടകൾ സംഘമായെത്തിയ ശബരിമല കർമ്മസമിതിക്കാർ അടിച്ചുതകർത്തു. 

:മാവേലിക്കരയിൽ ശബരിമല കർമസമിതി അടിച്ചു തകർത്ത അംഗപരിമിതന്‍റെ കട

മലപ്പുറം

പെരിന്തൽമണ്ണയിൽ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ബസ്സിന് നേരെ കല്ലെറിഞ്ഞു. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച വഴിയാത്രക്കാരനെ ബൈക്കിൽ നിന്ന് വലിച്ചിറക്കി തല്ലി. 

തൃശ്ശൂർ

തൃശ്ശൂരിലും വ്യാപക പ്രതിഷേധമാണ് നടന്നത്. ഗുരുവായൂരിൽ മന്ത്രി കടകംപള്ളി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. ഗുരൂവായൂരിലും കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുട, എന്നിവിടങ്ങളിൽ ബിജെപി പ്രവർത്തകർ നിർബന്ധിച്ച് കടകൾ അടപ്പിച്ചു. ചാലക്കുടി ഉൾപ്പെടെ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. 

ഗുരുവായൂരിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ പൊലീസുകാരനായ പ്രേമാനന്ദന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടക്കാഞ്ചേരിയിൽ കടകൾ അടപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക ചാനൽ പ്രവർത്തകരെ അക്രമിച്ചു. ക്യാമറകൾ തകർത്തു. തൃശ്ശൂർ നഗരത്തിലും ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.ചെറുതുരുത്തിയിൽ ബിജെപി - ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. നാല് പേർക്ക് പരിക്കേറ്റു.

നഗരങ്ങളിലുൾപ്പടെ പ്രതിഷേധം

എറണാകുളത്തുൾപ്പടെ പ്രതിഷേധവും റോഡ് ഉപരോധവുമുണ്ടായി. കച്ചേരിപ്പടിയിലെ റോഡ് ഉപരോധത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആറന്മുളയിൽ ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ വീടിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. കൊല്ലത്ത് ശബരിമല കർമസമിതി പ്രവർത്തകർ ബസ്സുകൾ തടയുന്നതിന്‍റെ ചിത്രങ്ങളെടുത്ത മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി സനലിന് മർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റു. കേരളകൗമുദി ഫോട്ടോഗ്രാഫർ എം എസ് ശ്രീധർലാൽ, മീഡിയ വൺ ക്യാമറാമാൻ ബിജു ഖാൻ എന്നിവർക്കും പരിക്ക് പറ്റി.