ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവം രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ദില്ലി: ഉത്തർ പ്രദേശില് ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില് രണ്ട് അധ്യാപകര്ക്കെതിരെ പൊലീസ് കേസെടുത്തു. നോയിഡയിലെ വീട്ടില് ചൊവ്വാഴ്ചയാണ് 15-കാരിയായ ഐകിഷ രാഘവ് ഷായെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. പരീക്ഷയില് പരാജയപ്പെട്ട മനോവിഷമത്തിലാണ് പെണ്കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള് പറയുന്നു.
പരീക്ഷയില് പരാജയപ്പെട്ടതിനെ തുടര്ന്ന് പെണ്കുട്ടി കടുത്ത മാനസിക സമ്മര്ദ്ദത്തിലായിരുന്നുവെന്ന് മാതാപിതാക്കള് പറയുന്നു. മാതാപിതാക്കള് പുറത്തുപോയ സമയത്ത് കുട്ടി വീട്ടില് തനിച്ചായിരുന്നു. വൈകുന്നേരം ആറുമണിയോടെ ഇവര് തിരിച്ചെത്തിയപ്പോള് പെണ്കുട്ടിയുടെ റൂമിന്റെ വാതില് അകത്തുനിന്നും പൂട്ടിയതായി കണ്ടു. വാതില് പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. കുട്ടിയെ ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില് രണ്ട് അധ്യാപകര്ക്കെതിരെ മാതാപിതാക്കള് പരാതി നല്കിയിരുന്നു. അധ്യാപകരെ കുറിച്ച് ഐകിഷ നിരന്തരം പരാതി പറയാറുണ്ടെന്നും സ്കൂളില് പോകാന് മടിക്കാണിക്കാറുണ്ടെന്നും അമ്മ പൊലീസിന് നല്കിയ പരാതിയില് ആരോപിച്ചു. ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനയച്ചിരിക്കുകയാണെന്നും റിപ്പോര്ട്ട് വന്നതിനു ശേഷമേ എങ്ങനെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു.
