ദുബായ്: യു എ ഇയിലെ കനത്തമഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് ദേശീയകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സ്വഭാവികമായി പെയ്യുന്ന മഴയുടെ മുപ്പത് ശതമാനം മാത്രമേ ക്ലൗഡ് സീഡിംഗിലൂടെ പെയ്യിക്കാനാകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു ദിവസം രാജ്യത്ത് തിമിര്‍ത്തുപെയ്ത മഴ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. ഈവര്‍ഷം മഴ ലഭിക്കാനായി 100 തവണയാണ് യുഎഇ ക്ലൗഡ് സീഡിങ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ കാലാവസ്ഥ അസ്ഥിരതയ്ക്ക് കാരണം ക്ലൗഡ് സീംഡിംഗ് അല്ലെന്നും മഞ്ഞ് കാലത്ത് നിന്ന് വേനലിലേക്ക് മാറുന്നതിന്റെ ഭാഗമാണിതെന്നും അധികൃതര്‍ പറഞ്ഞു. സ്വഭാവികമായി പെയ്യുന്ന മഴയുടെ മുപ്പത് ശതമാനം മാത്രമേ ക്ലൗഡ് സീഡിംഗിലൂടെ പെയ്യിക്കാനാകൂ ആഗോളതലത്തില്‍ തന്നെ ക്ലൗഡ് സീഡിംഗ് വിജയിക്കുന്നത് പതിനഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ മാത്രമാണെന്നും കൃത്രിമ മഴയ്ക്ക് ചുക്കാന്‍പിടിച്ച ദേശീയകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. മേഘത്തിന്റെ വലിപ്പവും തീവ്രതയും അനുസരിച്ചാണ് പലപ്പോഴും ക്ലൗഡ് സീഡിങ് വിജയിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.