ദുബായ്: കഴിഞ്ഞ ദിവസങ്ങളില്‍ യു.എ.ഇയുടെ പലഭാഗത്തും വ്യാപകമായി മഴ പെയ്തിരുന്നു. എന്നാല്‍ അത് സാധാരണ മഴയല്ലെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ആറുതവണ ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കുകയായിരുന്നു. ഈ രംഗത്ത് ഏറെ മുന്നോട്ട് പോയ യു.എ.ഇയില്‍ ഈ വര്‍ഷം ആദ്യമായാണ് കഴിഞ്ഞ ദിവസം ക്ലൗഡ് സീഡിങ് നടത്തിയത്.
അബുദാബി നഗരം ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം ക്ലൗഡ് സീഡിങ് നടത്തിയിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സില്‍വര്‍ അയെഡൈഡ്, പൊട്ടാസ്യം അയൊഡൈഡ്, ഡ്രൈ ഐസ്, ലിക്വിഡ് പ്രൊപേന്‍ തുടങ്ങിയ രാസപദാര്‍ത്തങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ വിതറിയാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. വിമാനത്തില്‍ മേളങ്ങള്‍ക്കിടയിലൂടെ പറന്നാണ് രാസ വസ്തുക്കള്‍ വിതറുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്തു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇന്നലെ പൊതുവെ തണുത്ത കാലാവസ്ഥയായിരുന്നു. ആകാശം മേഘാവൃതമാണ്. ഇനിയും മഴയ്‌ക്കു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്,
കഴിഞ്ഞ വര്‍ഷത്തെ കൊടുംവേനലില്‍ കടുത്ത ജലക്ഷാമം നേരിട്ടപ്പോള്‍ സംസ്ഥാനത്തും ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. യു.എ.ഇയില്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരം രീതികള്‍ പരീക്ഷിക്കുന്നുണ്ട്.
