തിരുവനന്തപുരം: കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ദുരിതം വിതച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് നിവേദനം തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. കെഎം എബ്രഹാമിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഏഴ് പേരാണ് ഇന്ന് ഓഖിയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. 8 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഓഖി വരുത്തി വച്ചത്. തീരദേശ മേഖലയെ തകര്‍ത്ത ഓഖി എട്ട് ജില്ലകളെയാണ് ബാധിച്ചത്. 

ഓഖി കേരളതീരം വിട്ട് രണ്ട് ദിവസമായിട്ടും ആശങ്കയും ദുരിതവും ഒഴിയുന്നില്ല. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നു. ഇന്ന് മരിച്ചവരുടെ എണ്ണം ഏഴായി. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ആറ് പേര്‍ ഇന്നലെ മരിച്ചിരുന്നു. മത്സ്യബന്ധനത്തിന് പോയ 105 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 15 പേരെ സര്‍ക്കാര്‍ ഇന്ന് രക്ഷപ്പെടുത്തി. 

കേരളത്തില്‍ മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാളെയും മഴ തുടരാനാണ് സാധ്യത. ലക്ഷദ്വീപില്‍ നാശനഷ്ടങ്ങള്‍ കൂടാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. കടല്‍ ഇന്നും പ്രക്ഷ്ബുധമായി തുടരും.