സൈന്യത്തിന് ഒറ്റയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്നും എല്ലാ ദുരന്തമുഖങ്ങളിലും സിവില്‍ ഭരണകൂടത്തോടൊപ്പമാണ് സൈന്യം പ്രവര്‍ത്തിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവർത്തനം ലക്ഷ്യത്തിലേക്കടുക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക നല്ലനിലയില്‍ മാറ്റാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന് ഒറ്റയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്നും എല്ലാ ദുരന്തമുഖങ്ങളിലും സിവില്‍ ഭരണകൂടത്തോടൊപ്പമാണ് സൈന്യം പ്രവര്‍ത്തിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനവും കേന്ദ്ര ഏജന്‍സികളും കൂടിച്ചേര്‍ന്ന ജോയിന്റ് ഓപ്പറേഷന്‍സ് സെന്ററാണ് എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും ഏരോപിപ്പിച്ചത്. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം മുതല്‍ കേന്ദ്രവുമായി യോജിച്ചാണ് പ്രവര്‍ത്തിച്ചത്. ഒരു കുറവും ഇല്ലാതെയാണ് കേന്ദ്ര സേനകളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത സമയത്തും സംസ്ഥാനത്ത് ചിലര്‍ ബോധപൂര്‍വ്വം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു. കേരളത്തില്‍ ഭക്ഷ്യദൗര്‍ലഭ്യം ഉണ്ടാകാന്‍ പോകുന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഓണക്കാലം മുന്നില്‍കണ്ട് എല്ലാ മൊത്തവ്യാപാരികളും ആവശ്യമുള്ളതിലേറെ സാധനങ്ങള്‍ വാങ്ങിവെച്ചിരുന്നു. റോഡിലൂടെ ഇവ കടകളിലേക്ക് കൊണ്ടുവരാന്‍ പറ്റാത്ത പ്രയാസം മാത്രമേയുള്ളൂ. വെള്ളം ഇറങ്ങുന്നതോടെ അവ മാര്‍ക്കറ്റിലെത്തും. വെള്ളപ്പൊക്കത്തിന്റെ ഭാഗമായി ഏതെങ്കിലും പ്രദേശത്ത് ചെറിയ ക്ഷാമം ഉണ്ടായെന്നു കരുതി സംസ്ഥാനത്ത് മൊത്തം ക്ഷാമമുണ്ടെന്ന് പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
