തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ പരാമര്‍ശം വായിക്കാത്ത ഗവര്‍ണറുടെ നടപടി ശ്രദ്ധയില്‍പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ മോശമായി ചിത്രീകരിക്കാൻ ദേശീയ തലത്തിൽ ചില സംഘടനകൾ കുപ്രചരണം നടത്തിയെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണറുടെ കുറ്റപ്പെടുത്തലുണ്ടായിരുന്നു. അതേ സമയം കേന്ദ്ര സർക്കാർ ഫെഡറലിസം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഗവർണ്ണർ വായിക്കാതെ വിട്ടുകളഞ്ഞത് വിവാദമായി. നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കേരളത്തിന്റെ ക്രമസമാധാന നിലയെ ചൊല്ലി സംഘപരിവാറും സംസ്ഥാന സർക്കാറും തമ്മിൽ ഏറെനാളായി വാക്പോര് തുടരുന്നതിനിടെയാണ് നയപ്രഖ്യാപനത്തിലെ വിമർശനം.