തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായിരുന്ന നെല്ല് സംഭരണത്തിന് പരിഹാരമാകുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മില്ലുടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനകളാണ് പ്രതിസന്ധിയുണ്ടാക്കിയത്. 100 കിലോ നെല്ലു സംഭരിച്ചാല്‍ മില്ലുകള്‍ 68 കിലോ അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് തിരികെ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പക്ഷെ 64 കിലോ അരി മാത്രമേ നല്‍കാന്‍ കഴിയുവെന്നായിരുന്നു മില്ലുടമകളുടെ നിലപാട്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയും 64 കിലോയാണ് ശരിവച്ചത്. ഈ സഹാചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി മില്ലുടമകളുടെ യോഗം വിളിച്ചത്. വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടെത് കേന്ദ്രസര്‍ക്കാരാണ്. മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്ത് കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും. ഇതുവരെ നിലവിലുള്ള സ്ഥിതിയില്‍ സംഭരണം നടത്താനാണ് ധാരണയായിട്ടുള്ളത്. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സ്വാഗതം ചെയ്തുവെങ്കിലും മില്ലുടമകളുടെ യോഗത്തിന് ശേഷമാത്രമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്ന് മില്ലുടമകളുടെ സംഘടന ഭാരവാഹികള്‍ പറഞ്ഞു.