അടപ്പാടി:ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാഗംങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അഗളയില്‍ നിന്നും ചിണ്ടയ്ക്കലിലുള്ള ഊരിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ കുടുംബത്തെ കണ്ടത്. 

മകനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം കിട്ടരുതെന്ന് മധുവിന്റെ അമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും എന്നാല്‍ മധുവിന് നീതി ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.

മധുവിന്റെ കുടുംബത്തെ കണ്ട ശേഷം മുക്കാലിയിലെ ഫോറസ്റ്റ് ഐജിയിലെത്തി മുഖ്യമന്ത്രി പ്രത്യേക അവലോകനയോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ആദിവാസി ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങളുണ്ടാവും. മന്ത്രി കെ.കെ.ശൈലജ, പാലക്കാട് എംപി എംബി രാജേഷ്, സ്ഥലം എംഎല്‍എമാര്‍, ജില്ല കളക്ടര്‍ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ അവലോകനയോഗത്തില്‍ പങ്കെടുക്കും.