മലപ്പുറം: ടി പി സെന്‍കുമാറിന് പൊലീസ് മേധാവിയായി വീണ്ടും നിയമിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി വന്നാല്‍ പിറ്റേ ദിവസം തന്നെ നടപ്പാക്കാനാകില്ലെന്നും പിണറായി വിശദീകരിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം അന്തിമതീരുമാനമെടുക്കാനാണ് സാധ്യത.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സെന്‍കുമാറിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധിയുണ്ടാകുന്നത്. പൊലീസ് മേധാവിയായുള്ള പുനര്‍നിയമനം വൈകുന്നുവെന്നാരോപിച്ച ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാര്‍ ഇന്നലെ കോടതി അലക്ഷ്യ ഹര്‍ജിയുമായി നീങ്ങിയതോടെയാണ് സര്‍ക്കാരിന് കുരുക്ക് മുറുകിയത്. പുനഃപരിശോധനക്ക് സാധ്യതയില്ലെന്നും വിധി ഉടന്‍ നടപ്പക്കാണമെന്നുമായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വിധി നടപ്പാക്കുകയാണ് ഉചിതമെന്ന ഉപദേശമാണ് പല കോണുകളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്നത്.

നാളെ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി സര്‍ക്കാരിന് അഭിപ്രായം തേടി നോട്ടീസയയ്‌ക്കാനാണ് സാധ്യത. നിലപാട് അറിയിക്കുന്നതിന് മുമ്പ് ബുധാനാഴ്ച ചേരുന്ന മന്ത്രിയോഗം സെന്‍കുമാറിനെ വീണ്ടും നിയമിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ജൂണ്‍ ഒന്നിന് സെന്‍കുമാറിനെ മാറ്റിയ ഉത്തരവ് കോടതി റദ്ദാക്കിയതോടെ മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. ബെഹ്‌റയ്‌ക്ക് ഇപ്പോള്‍ വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഒരുപക്ഷെ പൊലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള ഡിജിപിയായോ വിജിലന്‍സിന്റെ പൂര്‍ണചുമതലയോ ബെഹ്‌റക്ക് നല്‍കും. അവധിയിലുള്ള ജേക്കബ് തോമസ് ചൊവ്വാഴ്ച തിരിച്ചെത്തുമെന്നാണ് അറിയുന്നത്. താനിറക്കിയ സര്‍ക്കുലറുകള്‍ തിരുത്തിയതില്‍ പ്രതിഷേധമുള്ള ജേക്കബ്‌ തോമസിന് വിജിലന്‍സ് തലപ്പത്തേക്ക് ഇനി താല്‍പര്യമില്ലെന്നാണ് അറിയുന്നത്. അതിനാല്‍ മറ്റൊരു ചുമതല ജേക്കബ് തോമസിന് നല്‍കിയിലേക്കും. ശങ്കര്‍ റെഡ്ഡിയുടെ നിയമനത്തിലും വ്യക്തത വരുത്തി ഉത്തരവിക്കും.