തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ ജിഷ്‌ണുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ബലപ്രയോഗം ഉണ്ടായതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഡി ജി പി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്ത രംഗങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹിജയ്‌ക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവര്‍ക്കും ബോധ്യമുണ്ട്. ജിഷ്ണു കേസില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പലരും രാഷ്ട്രീയമായി ഈ വിഷയം ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരമ്മയുടെ മാനസികാവസ്ഥ ഇങ്ങനെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. പാര്‍ട്ടിയെ അനുകൂലിക്കുന്ന ചിലര്‍ക്ക് പോലും എതിരഭിപ്രായമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

താന്‍ ഇടപെട്ടാല്‍ അത്ര പെട്ടെന്ന് തീരുന്ന സമരമായിരുന്നില്ല നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമരം പെട്ടെന്ന് അവസാനിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇത് കണ്ടില്ലെന്ന് നടിക്കരുത്. എന്ത് ആവശ്യത്തിനായിരുന്നു സമരമെന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ജിഷ കേസിലെ സമരവുമായി ഇതിനെ താരതമ്യപ്പെടുത്തരുതെന്ന് പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടി എന്ന് മുതലാണ് ഷാജഹാന്റെ രക്ഷകനായതെന്ന് അറിയില്ല. വ്യക്തിവിരോധമുണ്ടായിരുന്നെങ്കില്‍ നേരത്തെ നടപടിയെടുക്കാമായിരുന്നു. ഡി ജി പി ഓഫീസിന് മുന്നില്‍ ബഹളമുണ്ടാക്കിയതിനാണ് നടപടി ഉണ്ടായത്. സമരത്തില്‍ ശ്രീജിത്തിന്റെ പങ്കെന്താണെന്ന് അറിയില്ല. എസ് യു സി ഐ പ്രവര്‍ത്തകരുണ്ടായിരുന്നെന്ന് കുടുംബം തന്നെ പറഞ്ഞിട്ടുണ്ട്. സിപിഎം കുടുംബമായിരുന്നെങ്കില്‍ എസ് യു സി ഐക്കാര്‍ എങ്ങനെ ഇവരെ റാഞ്ചിയെന്നും മുഖ്യമന്ത്രി ചോദിച്ചു.