മലപ്പുറം: ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. പുറത്തു നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായും പിണറായി വിജയന്‍ പറഞ്ഞു. മഹിജക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്നും നടപടിയില്ല. അതിനിടെ ജിഷ്ണുകേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പ്രതിപക്ഷത്ത് നിന്നും സ്വന്തം ചേരിയില്‍ നിന്നും പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും മുഖ്യമന്ത്രി പൊലീസിനെ വീണ്ടും പിന്തുണച്ചു. ഇനിയൊരു ജിഷ്ണു ഉണ്ടാകരുതെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ എല്ലാം ചെയ്തിട്ടുണ്ട്. മഹിജക്ക് സര്‍ക്കാറിനെതിരെ പരാതിയില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നീതി ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ മഹിജ യുഡിഎഫിന്റേയും ബിജെപിയുടേയും കയ്യിലകപ്പെട്ടതില്‍ സഹതാപമുണ്ടെന്നായിരുന്ന് മന്ത്രി എംഎം മണിയുടെ പ്രതികരണം. പിണറായി വിജയന്‍ മഹിജയോട് പരസ്യമായി മാപ്പ് പറയണമെന്നു് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതിനിടെ ഡി ജി പി ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ ഇന്നും നടപടിയില്ല. സമരം നേരിടാനുള്ള മുന്നൊരുക്കങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ചെറിയ വീഴ്ചയുണ്ടായെന്നായിരുന്നു ഐ ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ ആലോചനയുണ്ടായെങ്കിലും കടുത്ത നടപടി ഇല്ലാതെ സമരം നിര്‍ത്തില്ലെന്ന് മഹിജ നിലപാടെടുത്തതോടെ പൊലീസ് വെട്ടിലായി. ഇതോടെ ബാഹ്യ ഇടപടെലും ആശുപത്രിയില്‍ കഴിയുന്ന മഹിജ അടക്കമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നാളെ നല്‍കാന്‍ ഡി ജി പി ഐ ജി മനോജ് എബ്രഹാമിനോട് ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് എ ഡി ജി പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒളിവിലുള്ള രണ്ട് പ്രതികളം രണ്ടാഴ്ചക്കുള്ളില്‍ പിടികൂടാനാണ് നിര്‍ദ്ദേശം. പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി എസ്‌ഐമാരടക്കമുള്ളവരുടെ യോഗം റേഞ്ച് അടിസ്ഥാനത്തില്‍ വിളിച്ചു. 22 മുതല്‍ 30 വരെയാണ് യോഗം.
