കോട്ടയം: മൂന്നാറില്‍ കയ്യേറ്റ ഭൂമിലെ കുരിശ് പൊളിച്ച റവന്യു വകുപ്പ് നടപടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കുരിശ് പൊളിക്കുന്ന സര്‍ക്കാറെന്ന പ്രതീതിയാണ് റവന്യു വകുപ്പിന്റെ നടപടി ഉണ്ടാക്കിയത്. അസംതൃപ്തി പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി ഇവിടെ ഒരു സര്‍ക്കാറുണ്ടെന്നും റവന്യു ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.
ഇടുക്കി പാപ്പാത്തി ചോലയില്‍ സ്ഥാപിച്ച വന്പന്‍ കുരിശ് നീക്കം ചെയ്തത് വന്‍ നേട്ടമായി റവന്യു മന്ത്രിയും വകുപ്പും കണക്കാക്കുന്‌പോഴാണ് നടപടിക്കെതിരെ മുഖ്യമന്ത്രി പരസ്യമായി ആഞ്ഞടിച്ചത് .. ഭീമന്‍ കുരിശ് നീക്കം ചെയ്യും മുന്‍പ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നു . നടപടി റവന്യു മന്ത്രിയെ അറിയിച്ചിരുന്നു എന്നും റവന്യു ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു . പക്ഷെ മുഖ്യമന്ത്രി വിടുന്നില്ല. കയ്യേറ്റമൊഴിപ്പിക്കും നേരം ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചെന്ന് പറയുന്ന മുഖ്യമന്ത്രി മണിക്കൂറുകള്‍ക്ക് ശേഷം പൊതു വേദിയില്‍ ആഞ്ഞടിച്ചു.
മുഖ്യമന്ത്രിയുടെ നടപടി റവന്യു മന്ത്രിയേയും പാര്‍ട്ടിയെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നിയമപ്രകാരം നടന്ന കയ്യേറ്റമൊഴിപ്പിക്കലിനെതിരെ വലിയ എതിര്‍പ്പുകളുണ്ടായിരന്നില്ലെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തല്‍. സാഹചര്യം ഇങ്ങനെ ഇരിക്കെ സര്‍ക്കാറിന്റെ മൂന്നാര്‍ നടപടികളെ തന്നെ പ്രതിസന്ധിയിലാക്കും വിധമായി മുഖ്യമന്ത്രിയുടെ പ്രസ്താവന. ഒന്നും പ്രതികരിക്കാനില്ലെന്നും നടപടി ജനം വിലയിരുത്തട്ടെ എന്നുമാണ് റവന്യു മന്ത്രിയുടെ നിലപാട്.
മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തതോടെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തന്നെ ആശയക്കുഴപ്പത്തിലായി. പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്ന ഒന്നാം മൂന്നാര്‍ ദൗത്യകാലത്തെ തര്‍ക്കം ഓര്‍മ്മിപ്പിക്കും വിധമാണ് പുതിയ വിവാദം.
