പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധനാഹർജി നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിയെയും ദേവസ്വം ബോർഡിനെയും രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി, യുവതീപ്രവേശനവിധിയിൽ അപാകതയുണ്ടെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി. 

നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശബരിമല. അങ്ങനെയുള്ളിടത്ത് തന്ത്രിയും ബ്രഹ്മചാരിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ല. കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് കരുതരുതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ചിലരുടെ കോപ്രായങ്ങൾ കണ്ട് ബോർഡ് പിന്നാലെ പോകരുത്. ഭക്തരെ തടഞ്ഞ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.