മുഖ്യമന്ത്രിയുടെ വാദം തെറ്റ് ഗാന്ധി നഗർ എസ്ഐക്ക് സുരക്ഷാ ഡ്യൂട്ടി
തിരുവനന്തപുരം: കെവിന്റെ മരണവും തന്റെ സുരക്ഷയും തമ്മിൽ ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ നിയോഗിച്ച പ്രത്യേക ടീമിൽ ഗാന്ധി നഗർ എസ് ഐ എം.എസ്. ഷിബുവും അംഗമായിരുന്നുവെന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കാൻ തയ്യറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഷിബുവിന്റെ പേരുള്ളത്. വിഐപി, വിവിഐപി സുരക്ഷ ഒരുക്കുന്നതിന് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക പട്ടിക തയ്യാറാക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചങ്ങനാശ്ശേരി, വൈക്കം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളുടെ പട്ടികയാണ് ഉണ്ടാക്കിയത്. ഈ സംഘത്തിൽ ആറ് എസ്ഐമാർ വീതവും ഉണ്ടായിരുന്നു.
തന്റെ സുരക്ഷ ഒരുക്കിയത് പ്രത്യേക സംഘമായിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദമാണ് പട്ടിക പുറത്തുവന്നതോടെ പൊളിഞ്ഞത്. മാധ്യമപ്രവർത്തകർ ഇത് സംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോൾ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ പരിഹസിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയും കെവിന്റെ മരണവും തമ്മിൽ ബന്ധിപ്പിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അജണ്ടയാണെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തിരുന്നു.
അക്രമികൾ കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം ഞായറാഴ്ച രാവിലെ ആറ് മണിക്ക് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. പതിനൊന്ന് മണിയോടെ കെവിന്റെ ഭാര്യ നീനുവും സ്റ്റേഷനിലെത്തി. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് ഇക്കാര്യത്തിൽ നടപടി എടുത്തില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ളതിനാൽ എസ്ഐക്ക് ഇക്കാര്യത്തിൽ നടപടി എടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതായി നീനു തന്നെ പറഞ്ഞിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം മാധ്യമങ്ങൾ വൻ വാർത്തയായിട്ടും പൊലീസ് അനാസ്ഥ തുടർന്നു. ഗുരുതരമായ കേസെത്തിയിട്ടും നടപടിയെടുക്കുന്നില്‍ എസ്ഐ മുതല്‍ എസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പറ്റിയെന്നാണ് വിലയിരുത്തല്‍

