തിരുവനന്തപുരം: എറണാകുളത്ത് മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ല. എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് പിണറായി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കുറ്റകൃത്യം പരിപൂര്‍ണ്ണമായി തെളിയിച്ച് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. സ്ത്രീക്കുനേരെ ഉണ്ടായ ആക്രമണം ഉല്‍കണ്ഠാജനകമാണ്.

സംഭവിക്കാന്‍ പാടില്ലാത്തതാണത്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെയും അവര്‍ക്ക് താവളമൊരുക്കുന്നവരെയും നിര്‍ദാക്ഷിണ്യം നേരിടും. അതില്‍ ഒരു വീഴ്ചയും അനുവദിക്കില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.