റാഗിയും ചോളവും ലഭ്യമാക്കുന്നതിന് പത്ത് കോടി ഊരുകളില്‍ കൃഷി നടത്തുന്നതിലൂടെ തൊഴില്‍ ഉറപ്പാക്കും പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയില്‍ മാനസികആരോഗ്യപ്രശ്നമുള്ള ആദിവാസികള്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈക്കോ വഴി റാഗിയും ചോളവും ലഭ്യമാക്കുന്നതിന് പത്ത് കോടി രൂപ നീക്കി വയ്ക്കാനും തീരുമാനം. മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയും ആരോഗ്യമന്ത്രിയും അടങ്ങുന്ന സംഘം മധുവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു. 

വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമിയും കൃഷിഭൂമിയും, പട്ടയവും നല്‍കും. സംസ്ഥാനത്താകെ ആദിവാസി മേഖലയില്‍ റേഷന് സംവിധാനം ശക്തപ്പെടുത്തുന്നതിനൊപ്പം അട്ടപ്പാടിയില്‍ സപ്ലൈക്കോ വഴി റാഗിയും ചോളവും വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങും. ഊരുകളില്‍ കൃഷി നടത്തുന്നതിലൂടെ ആദിവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാം. 

ഊരുകള്‍ വിട്ട് കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനായി സമൂഹ അടുക്കളകളെ ആശ്രയിക്കാവുന്ന തരത്തില്‍ പദ്ധതി മെച്ചപ്പെടുത്തുന്നത് ഉള്‍പ്പടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യമന്ത്രി, പാലക്കാട് ജില്ലാ കളക്ടര്‍, അട്ടപ്പാടിയുടെ ചുമതലയുള്ള ഒറ്റപ്പാലം സബ് കളക്ടര്‍, എംബി രാജേഷ് എം പി , എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, പി കെ ശശി, കൂടാതെ വിവിധ വകുപ്പുകളുടെ സംസ്ഥാന തലവന്മാര്‍ അടക്കം ഉള്ള ഉദ്യോഗസ്ഥരാണ് അട്ടപ്പാടി മുക്കാലിയില്‍ അവലോകന യോഗം ചേര്‍ന്നത്. 

ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച മുഖയമന്ത്രിയു സംഘവും മധുവിന്‍റെ അമ്മ മല്ലിയുടെ പരാതി സ്വീകരിച്ചു. മധുവിന്‍റെ മരണത്തില്‍ സര്‍ക്കാര്‍ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന ഉറപ്പ് മധുവിന്‍റെ അമ്മയ്ക്ക് നല്‍കിയാണ് മുഖ്യമന്ത്രിയും സംഘവും അട്ടപ്പാടി വിട്ടത്.