Asianet News MalayalamAsianet News Malayalam

കാസർകോട് ഇരട്ടക്കൊലപാതകം; മുഖ്യമന്ത്രി എകെജി സെന്‍ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

തൃശ്ശൂരിലെ പൊതുപരിപാടികൾ റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. നേരെ എകെജി സെന്‍ററിൽ എത്തിയ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം സ്ഥിതിഗതികൾ ച‍ർച്ച ചെയ്തു.

CM Pinarayi Vijayan meets Kodiyeri balakrishnan to discuss the political situations after Periya double murder
Author
Thiruvananthapuram, First Published Feb 18, 2019, 1:44 PM IST

തിരുവനന്തപുരം: കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തൃശ്ശൂരിലെ പൊതുപരിപാടികൾ റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് എകെജി സെന്‍ററിൽ എത്തിയ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം സ്ഥിതിഗതികൾ ച‍ർച്ച ചെയ്തു.

കാസർകോട് ഇരട്ടക്കൊലയിലൂടെ രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ട് മേഖലാ ജാഥകളിലായി പ്രധാനപ്പെട്ട രണ്ട് നേതാക്കൾ കേരളം മുഴുവൻ സഞ്ചരിച്ച് എതിരാളികൾക്കെതിരെ വലിയ രാഷ്ട്രീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് പെരിയയിലെ ഇരട്ടക്കൊല നടക്കുന്നത്. എൽഡിഎഫ് ജാഥകൾ തന്നെ അതുകൊണ്ട് നിർത്തിവയ്ക്കേണ്ടിവന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കാസർകോട്ടെ കൊലപാതകങ്ങൾ പാർട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കിയതെന്ന് സിപിഎം കണക്കാക്കുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റുചെയ്യേണ്ടതും നേതൃത്വത്തിന് സംഭവത്തിൽ പങ്കില്ല എന്നു സ്ഥാപിക്കേണ്ടതും ഈ ഘടത്തിൽ സിപിഎമ്മിന്‍റെ കൂടി ആവശ്യമാണ്. കൊലപാതകങ്ങളെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ട് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയതും അതുകൊണ്ടുതന്നെ. 

പെരിയയിൽ മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും, മനുഷ്യനെ വെട്ടിക്കൊല്ലുന്നത് പ്രാകൃതമായ നിലപാടാണെന്നും ആയിരുന്നു കോടിയേരിയുടെ പ്രതികരണം. അക്രമികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സിപിഎം പ്രവർത്തകർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടി നടപടികൾ ഉറപ്പാണെന്നും കോടിയേരി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യങ്ങൾ തന്നെയാണ് ചർച്ചയായതെന്നാണ് വിവരം. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല.

Follow Us:
Download App:
  • android
  • ios