തിരുവനന്തപുരം: മയക്കുമരുന്ന് ലോബിയുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക ഇൻറ്റലിജൻസ് സംവിധാനം വേണമെന്ന് മുഖ്യമന്ത്രി. ക്രമസമധാന ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നി‍ർദ്ദേശം. സംസ്ഥാനത്തെ ക്രമസമാധനനില തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ട്.

അവർക്കെതിരെ പൊലീസ് ജാഗ്രത പാലിക്കണം.മൂന്നാംമുറ ഉപയോഗിക്കുന്നതായി ചില സ്ഥലങ്ങളിൽ പരാതി ഉയരുന്നു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികൾ തയ്യാറാകണം. സിഐമാർ  സ്റ്റേഷൻ ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷന് സർക്കാർ പുരസ്കാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ പരാതിയിൽ പ്രത്യേക പരിഗണന നൽകണം. ക്രമസമാധാന മേഖലയിൽ കേരളത്തിനുള്ള മേൽക്കൈ നഷ്ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. പൊലീസ് ആസ്ഥാനത്തായിരുന്നു എസ്‍പി, ഐജി, എഡിജിപിമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് നടത്തിയത്.