റിപ്പോര്‍ട്ട്- സി.പി. അജിത

വേദി നിയമസഭയാണ്. മുഹൂര്‍ത്തം ശ്രദ്ധക്ഷണിക്കല്‍. ആഡംബര വിവാഹങ്ങള്‍ സമൂഹത്തിലുണ്ട്ക്കുന്ന പൊല്ലാപ്പുകളായിരുന്നു മുല്ലക്കരയുടെ പ്രശ്‌നം. അതിര് കടക്കുന്ന ആഘോഷം.നിയന്ത്രിക്കാന്‍ നടപടി വേണം . ആഡംബര വിവാഹങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ 50 ശതമാനം നികുതി ചുമത്താാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പറഞ്ഞ മുല്ലക്കര ഒരു പടി കൂടി കടന്ന് രാഷ്ട്രീയക്കാര്‍ ഇത്തരം കല്യാണങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കൂടി ആവശ്യപ്പെട്ടതോടെ മുഖ്യന്‍ എഴുന്നേറ്റു. 

കല്യാണം കൂടിയാലല്ലെ കാര്യമറിയാവൂ എന്ന് ചോദിച്ച പിണറായി പിന്നെ സ്വന്തം അനുഭവ കഥയിലേക്ക്. തൃശ്ശൂരില്‍ ഒരു കല്യാണത്തിന് ഭാര്യ കമലയേയും കൂട്ടി പോയി. ചെന്നിറങ്ങിയപ്പോഴേ കാര്യമത്ര പന്തിയല്ല. നിയന്ത്രണം മൊത്തം ഇവന്റ് മാനേജ് മെന്റിന്. താലി കെട്ടിത്തീര്‍ന്നപ്പോള്‍ ഇനി എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കൂ എന്ന് ഇവന്റ് നടത്തിപ്പുകാര്‍. കനത്ത മുഖവുമായി കയ്യടിക്കാന്‍ കൂടിയെങ്കിലും എഴുന്നേറ്റ സ്ഥിതിക്ക് ഇനി ഇരിക്കേണ്ടൈന്ന് കമലയോട് നിര്‍ദ്ദേശിച്ചൈന്നും ഉടന്‍ ഇറങ്ങിയെന്നും പിണറായി.

കല്യാണ നടത്തിപ്പില്‍ കേമന്‍ സൂര്യാ കൃഷ്ണമൂര്‍ത്തിയെന്നായി പിന്നെ മുല്ലക്കര. ലളിത വിവാഹ മാതൃക പുകഴ്ത്തി ചെറുപ്രസംഗം. വീണ്ടും മുഖ്യന്റെ ഇടപെടല്‍. സൂര്യാകൃഷ്ണമൂര്‍ത്തിയവിടെ നില്‍ക്കട്ടെ എന്നും തന്റെ മനസിലെ ചെറുവിവാഹം നടത്തിയത് മുല്ലക്കരയുടെ സഹയാത്രികന്‍ ബിനോയ് വിശ്വമാണെന്നും മുല്ലക്കരക്കെതിരെ മുഖ്യന്റെ അത്യുഗ്രന്‍ സ്മാഷ്. പാലടപ്രഥമന്‍ മുന്നിലിരിക്കുന്ന പ്രമേഹ രോഗിയുടെ അവസ്ഥയിലായോ മുല്ലക്കരയെന്ന് കേട്ടിരുന്നവര്‍ക്ക് സംശയം. കാര്യമെന്തായാലും ഇനിയൊരു കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മുല്ലക്കര മുറ്റത്തെ മുല്ലയെ മറക്കില്ലെന്ന് ഉറപ്പ്.