സമവായ സൂചനകളുമായി തുടങ്ങിയ മാരത്തണ്‍ ച‍ര്‍ച്ചകള്‍ക്ക് അപ്രതീക്ഷിത ക്ലൈമാക്‌സാണ് ഇന്നുണ്ടായത്. രാവിലെ ആരോഗ്യ മന്ത്രിയുമായി മാനേജ്നമെന്റുകള്‍ നടത്തിയ ചര്‍ച്ചയില്‍ സ്കോളര്‍ഷിപ്പെന്ന ധാരണ ഉയര്‍ന്നു. മെറിറ്റ് സീറ്റിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്മെന്റുകള്‍ സ്കോളര്‍ഷിപ്പ് നല്‍കി അത് വഴി ഫീസ് കുറയ്‌ക്കാമെന്നായിരുന്നു ഫോര്‍‍മുല. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അന്തിമതീരുമാനത്തിലെത്തി തര്‍‍ക്കവും സമരവും തീരുമെന്നായി പ്രതീക്ഷ. എന്നാല്‍ നിലവിലുള്ള കരാറുമായി മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഞങ്ങള്‍ക്ക് ഒരു വാക്കേയുള്ളൂ എന്നും പറഞ്ഞ് മുഖ്യമന്ത്രി കടുപ്പിച്ചതോടെ മാനേജ്മെന്റുകളും പിന്മാറി. ഫീസിളവ് നിര്‍ദ്ദേശം ആകെ എം.ഇ.എസ് മാത്രമാണ് മുന്നോട്ടുവെച്ചത്. ഒടുവില്‍ ഒരിളവും വേണ്ടെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. എന്നാല്‍ പുറത്ത് വന്ന മാനേജ്മെന്റുകള്‍, ചര്‍ച്ചകള്‍ മുഴുവന്‍ അടുത്ത വര്‍ഷത്തെ പ്രവേശനത്തെ കുറിച്ചെന്ന വിചിത്ര വാദമാണ് ഉന്നയിച്ചത്. ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതോടെ സ്വാശ്രയ പ്രതിസന്ധി കനത്തു.