കൊച്ചി: അഞ്ച് കിലോ മീറ്റര്‍ ദൂരത്തില്‍ അഞ്ച് പുതിയ സ്റ്റേഷനുകളൊരുങ്ങുമ്പോള്‍ ഓരോന്നിനുമുണ്ട് പ്രത്യേകതകള്‍. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനടുത്തുള്ള സ്റ്റേഡിയം സ്റ്റേഷന്‍ വിവിധ കായിക ഇനങ്ങള്‍ പ്രമേയമായാണ് ഒരുക്കിയിരിക്കുന്നത്. ചുവരുകളിലും തറയിലുമെല്ലാം കായിക ഇനങ്ങളുടെ വര്‍ണാഭമായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
സ്റ്റേഷനിലെ പടിക്കെട്ടുകള്‍ അത്‌ലറ്റിക് ട്രാക്കിന്റെ മാതൃകയിലാണ്. കലൂര്‍ സ്റ്റേഷന്റെ പ്രമേയം മഴയും വെള്ളച്ചാട്ടങ്ങളുമാണ്. ലിസി സ്റ്റേഷന്‍ അലങ്കരിച്ചിരിക്കുന്നത് ശലഭങ്ങളുടെ ചിത്രങ്ങള്‍. എംജി റോഡ് സ്റ്റേഷന്‍ എറണാകുളത്തിന്റെ ചരിത്രം പറയുന്നു. അവസാന സ്റ്റേഷനായ മഹാരാജാസ് കോളേജ് പശ്ചിമഘട്ടത്തിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഭിന്നശേഷിക്കാരെയടക്കം ഉദ്ദേശിച്ച് പാലാരിവട്ടം വരെയുള്ള സ്റ്റേഷനില്‍ ഒരുക്കിയിരുന്ന പ്രത്യേക സൗകര്യങ്ങളെല്ലാം പുതിയ സ്റ്റേഷനുകളിലുമുണ്ടാകും. മെട്രോ സര്‍വീസ് നഗരത്തിലേക്ക് നീട്ടുന്നതിനെ പ്രതീക്ഷയോടെയാണ് കൊച്ചിക്കാര്‍ കാണുന്നത്
സര്‍വീസ് മഹാരാജാസ് വരെ നീട്ടുമ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ മെട്രോയെ ആശ്രയിക്കുമെന്നാണ് കെഎംആര്‍എലിന്റെയും കണക്കുകൂട്ടല്‍. കൂടുതല്‍ ഫീഡര്‍ സര്‍വീസുകളും സ്ഥിരം യാത്രക്കാര്‍ക്കായി പ്രത്യേക ഫെയര്‍പാക്കേജുകളും നടപ്പാക്കാനും കെഎംആര്‍എലിന് പദ്ധതിയുണ്ട്.
