ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി.പി അജിത, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ജസ്റ്റീന തോമസ്, പി.ടി.ഐ ലേഖകന്‍ രാമകൃഷ്ണന്‍, ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് ലേഖകന്‍ പ്രഭാത് എന്നിവരെ വഞ്ചിയൂര്‍ കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്ത സംഭവം രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ ഉന്നയിച്ചത്. കൈയ്യേറ്റത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തു. വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം അപമാനിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പതിച്ചു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

താനും ചീഫ് ജസ്റ്റിസും ഇടപെട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയതെന്നും ഒരുവിഭാഗം അഭിഭാഷകര്‍ എല്ലാ ഒത്തുതീര്‍പ്പും ലംഘിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടക്കാനാവുന്നില്ലെന്നത് അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകരുടെ ഇത്തരമൊരു മനോഭാവം അംഗീകരിക്കാന്‍ കഴിയില്ല. ഇത് തുടര്‍ന്നു പോകാനാണ് ഭാവമെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.