തിരുവനന്തപുരം: വകുപ്പുകളില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഇടനിലക്കാരേയും ഏജന്റുമാരേയും അടുപ്പിക്കരുത്. തീരുമാനങ്ങളില്‍ രാഷ്ട്രീയ പരിഗണന വേണ്ടെന്നും മുഖ്യമന്ത്രി. പേഴ്‌സണല്‍ സ്റ്റാഫുമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയത്.

ഒരു തരത്തിലുമുള്ള അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഒരു മൊബൈല്‍ഫോണ്‍പോലും ആരില്‍ നിന്നും വാങ്ങരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത് പാരിതോഷികമായി കണക്കാക്കും. വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ തീര്‍ക്കാനുള്ള അവസരമായി പലപ്പോഴും പേഴ്‌സണല്‍ സ്റ്റാഫുകളെ ഉപയോഗിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ അകപ്പെടരുത്. ഇടനിലക്കാരേയും ഏജന്റുമാരേയും സൂക്ഷിക്കണം. അര്‍ഹമായ കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. രാഷ്ട്രീയ പ്രതിയോഗികളായാലും അര്‍ഹത ഉള്ളതാണെങ്കില്‍ ചെയ്തു നല്‍കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം. സ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ജീവനക്കാര്‍ കൃത്യനിഷ്ഠ പാലിക്കണം. ഓഫിസ് സമയത്ത് പുറത്തു പോകേണ്ടി വന്നാല്‍ എവിടെ പോകുകയാണെന്ന് ഓഫിസില്‍ കൃത്യമായി അറിയിച്ചിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അത് മുന്നറിയിപ്പായി നല്‍കുകയായിരുന്നു ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രി. ഫയലുകള്‍ക്ക് വേഗം പോര, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതികള്‍ വരുന്നു മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ സിപിഐഎം നേതാക്കള്‍ തന്നെ രംഗത്തെത്തുന്നു ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുഖം മിനുക്കല്‍ നടപടിയുടെ ആദ്യപടിയായി മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത്.