തിരുവനന്തപുരം: ഉന്നതപൊലീസുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന്റെ നികുതിപ്പണംകൊണ്ട് നടത്തുന്ന സെമിനാറുകള്‍ ആഡംബര കൂട്ടായ്മയായി മാത്രം മാറരുതെന്നും സാധാരണക്കാരന് ഉപയോഗമുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദം സംസ്ഥാനത്തിന്റെ പടിവാതിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവളത്തു സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പൊലീസ് സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വന്‍തുക മുടക്കി ആഡംബര ഹോട്ടലുകളില്‍ സംഘടിപ്പിക്കുന്ന പൊലീസിന്റെ സെമിനാറുകളുകളില്‍ കാര്യമായി ചര്‍ച്ചകള്‍ നടക്കാറില്ലെന്ന ആക്ഷേപം സേനക്കുള്ളില്‍ തന്നെയുണ്ട്. ഒടുവില്‍ കൊല്ലത്ത് നടന്ന കൊക്കൂണ്‍ അന്തര്‍ദേശീയ സെമിനാറിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. സാധാരണക്കാരന്റെ നികുതി പണം കൊണ്ട് നടത്തുന്ന ഇത്തരം സെമിനാറുകള്‍ ആഡംബര കൂട്ടായ്മ മാത്രമായി മാറുരുതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകളും കുട്ടികളും രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് വഴിയാണ് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ പടിവാതിലില്‍ നില്‍ക്കുന്ന തീവ്രവാദത്തെ പ്രതിരോധിക്കാന്‍ സേനക്ക് കൂടുതല്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡെവലപെമെന്റ് സഹകരണത്തോടെ കേരള പൊലീസ് കോവളത്ത് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സെമിനാറില്‍ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.