കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് എല്ലാ അനുമതിയുമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയിരുന്ന അനുമതി ഒന്നര ആഴ്ച മുന്‍പേ റദ്ദുചെയ്തിരുന്നു. പാര്‍ക്കിനുള്ള അനുമതി എംഎല്‍എ നേടിയത് നിരവധി നിയമലംഘനങ്ങളിലൂടെയായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പരിശോധനകളൊന്നും ആവശ്യമില്ലാത്ത ഗ്രീന്‍ കാറ്റഗറിയിലൂടെയാണ് പി വി ആര്‍ പാര്‍ക്കിനായി എംഎല്‍എ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ താല്‍ക്കാലിക അനുമതി നേടിയിരുന്നത്. പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ തല്‍സ്ഥിതി ബോര്‍ഡിനോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ പ്രദേശത്ത് സന്ദര്‍ശനം നല്‍കാതെ അനുമതി നല്‍കുകയായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പാര്‍ക്ക് സന്ദര്‍ശിക്കാന്ര്‍ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന പാര്‍ക്കല്ല കക്കാടംപൊയിലിലുള്ളതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ ബോര്‍ഡിന് വ്യക്തമായി. അഴുക്ക് ചാല്‍, വെള്ളം പരിശോധിക്കുന്നതിനുള്ള ലബോറട്ടറി തുടങ്ങിയ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ പാര്‍ക്കിലെന്ന് ബോര്‍ഡിന് ബോധ്യമായി. ഒരു പൂളില്‍ മാത്രമാണ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുള്ളത്. പതിനഞ്ച് ദിവസത്തിനകം സംവിധാനങ്ങള്‍ പൂര്‍ണ്ണതോതില്‍ സജ്ജമാക്കാണെന്നാവശ്യപ്പെട്ട് എംഎല്‍എക്ക് നോട്ടീസ് നല്‍കിയെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്നും നിയമം ലംഎഘിച്ച് പ്രവര്‍ത്തിച്ച് പ്രവര്‍ത്തിച്ചതിന് അനുമതി റദ്ദ് ചെയ്യുകയായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനിയര്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നില്ലെന്ന് മലനികരണ ബോര്‍ഡ് നല്‍കിയ വിവരവാകാശ രേഖയും വ്യക്തമാക്കുന്നു.

പാര്‍ക്കില്‍ നിയമലംഘനങ്ങളൊന്നും നടന്നിരുന്നില്ലെന്ന എംഎല്‍എയുടെ വാദം തെറ്റായിരുന്നുവെന്ന് രേഖകള്‍ തന്നെ വ്യക്തമാക്കിയിരുന്നു. നിയമലംഘനങ്ങള്‍ നടത്തിയതിന് നാല് തവണയാണ് എംഎല്‍എ പഞ്ചായത്തില്‍ പിഴ ഒടുക്കിയത്. പാര്‍ക്കില്‍ അനധികൃത കെട്ടിടം നിര്‍മ്മിച്ചതിനും, അനുമതിയില്ലാതെ പാര്‍ക്കില്‍ ആളെ പ്രവേശിപ്പിച്ചതിനും, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതിനും, ലൈസന്‍സില്ലാതെ പാര്‍ക്കില്‍ റസ്റ്റോറന്റ് നടത്തിയതിനും എംഎല്‍എയില്‍ നിന്ന് പിഴ ഈടാക്കിയതായി പഞ്ചായത്ത് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. പിഴ നല്‍കി പിന്നീട് തുടര്‍ച്ചയായി നടത്തിയ നിയമലംഘനങ്ങള്‍ ക്രമപ്പെടുത്തുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.