പുനര്‍നിര്‍മാണത്തിനുള്ള ചെലവ് പരിഗണിക്കുമ്പോള്‍ സഹായമായി ജനങ്ങളില്‍ നിന്ന് ലഭിച്ച തുക ചെറുതാണെന്ന് മുഖ്യമന്ത്രി പറയുന്നു. തകര്‍ന്ന വീടിന് കേന്ദ്ര സര്‍ക്കാര്‍ 95,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍ സംസ്ഥാനം നല്‍കുന്നത് നാല് ലക്ഷം രൂപയാണ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം മുടങ്ങിയ സാഹചര്യത്തില്‍ കേരള പുനര്‍നിര്‍മാണത്തിനുളള ധനസമാഹരണത്തില്‍ പ്രവാസി മലയാളികളോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഎഇ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇതോടെ മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് ധനസമാഹരണത്തിനായി മന്ത്രിമാര്‍ നേരിട്ട് പോകാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് പ്രവാസി മലയാളികളോട് അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി എത്തിയിരിക്കുന്നത്.

പുനര്‍നിര്‍മാണത്തിനുള്ള ചെലവ് പരിഗണിക്കുമ്പോള്‍ സഹായമായി ജനങ്ങളില്‍ നിന്ന് ലഭിച്ച തുക ചെറുതാണെന്ന് മുഖ്യമന്ത്രി പറയുന്നു. തകര്‍ന്ന വീടിന് കേന്ദ്ര സര്‍ക്കാര്‍ 95,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍ സംസ്ഥാനം നല്‍കുന്നത് നാല് ലക്ഷം രൂപയാണ്.

ഒരു കിലോമീറ്റര്‍ റോഡിന് കേന്ദ്രം അനുവദിക്കുന്നത് ഒരു ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ മികച്ച റോഡ് പണിയാന്‍ കിലോമീറ്ററിന് രണ്ട് കോടി രൂപ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ലോകത്താകെയുളള മലയാളി സഹോദരങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സ്കൂളോ അംഗന്‍വാടിയോ പ്രാഥമികാരോഗ്യകേന്ദ്രമോ വീടോ സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം നടക്കാത്തതുകൊണ്ട് ധനസമാഹരണത്തില്‍ ഒരു കുറവും വരാന്‍ പാടില്ലെന്നും അദ്ദേഹം കുറിച്ചു.