ഭോപ്പാലിൽ 8 സിമി പ്രവർത്തകർ അരക്ക് മുകളിൽ വെടിയേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിനിടെ ഇവരുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചു. ഭീകരാക്രമണക്കേസുകളിൽ ജയിൽ കഴിയുന്നവർക്ക് എത്രനാൾ സർക്കാർ ബിരിയാണി കൊടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു.
കൊല്ലപ്പെട്ട എട്ട് സിമി പ്രവർത്തകർക്കം പല ഭാഗത്ത് നിന്നായി വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അരക്ക് മുകളിലാണ് വെടിയേറ്റതെന്ന് റിപ്പോർട്ട് സംസ്ഥാനപൊലീസിനെ പ്രതിരോധത്തിലാക്കുന്നതാണ്. അരക്ക് താഴെ മാത്രമേ വെടിവയ്ക്കാവൂവെന്ന മാനദണ്ഡം പൊലീസ് പാലിച്ചില്ലെന്നാണ് ആക്ഷേപം.
എത്ര അകലത്തിൽ നിന്നാണ് വെടിവച്ചതെന്നതിനെക്കുറിച്ച് വസ്ത്രങ്ങൾ പരിശോധിച്ചാൽ മാത്രമേ പറയാൻ കഴിയുവെന്ന് ഫോറൻസിക് വിദഗ്ദർ വ്യക്തമാക്കി. ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചിരിക്കുകയാണ്.
ഇതിനിടെ ഭോപ്പാൽ ജയിൽ ചാട്ടം സർക്കാരിന്റെ വീഴ്ചയെയാണ് കാണിക്കുന്നതെന്ന് ശിവസേന ആരോപിച്ചു. ഇതിൽ ഗുഢാലോചനയുണ്ടോയെന്ന് സംശയിക്കതുന്നതായും ശിവസേന മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിൽ പറയുന്നു.
