തിരുവനന്തപുരം: ഷുക്കുർ വധക്കേസിൽ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ കൊലക്കേസ് പ്രതിയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി ജയരാജനെയും ടി വി രാജേഷിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഷുക്കൂർ വധകേസിലെ കുറ്റപത്രത്തെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു. 

ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി രണ്ടാഴ്ച മുമ്പാണ് സിബിഐ തലശ്ശേരി സെഷന്‍സ് കോടതിയില്‍  കുറ്റപത്രം സമര്‍പ്പിച്ചത്. ടി വി രാജേഷ് എംഎല്‍എക്കെതിരെ ഗൂഡാലോചനക്കും കേസെടുത്തിട്ടുണ്ട്. ഗൂഢാലോചനയിൽ ഇരുവർക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. 

302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2016 ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് സിപിഎമ്മിന് തലവേദനയാകും.