യുഎഇ എന്താണ് വാഗ്ദാനം ചെയ്തതെന്ന് പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ്. രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. നമ്മുടെ അറിവില്‍ യുഎഇ വാഗ്ദാനംചെയ്തത് 700 കോടി രൂപയാണ്. മറിച്ചാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കട്ടെ.

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇയുടെ സഹായം ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിന്തബാധിതരെ സഹായിക്കാനായി വരുന്നവരെ തടയുന്ന രീതി എവിടെയുമില്ല. യുഎഇയുടെ സഹായം സംബന്ധിച്ച വിഷയത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട് പക്ഷേ അതെല്ലാം നീങ്ങും എന്നാണ് എന്‍റെ പ്രതീക്ഷ. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ ആത്മര്‍ത്ഥമായ സഹകരണം ഉറപ്പാക്കും എന്നാണ് കരുതുന്നത് എഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന് യുഎഇയുടെ സഹായവാഗ്ദാനം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. യുഎഇ ഭരണാധികാരിയും അതു തന്നെയാണ് പറഞ്ഞത്. സാധാരണഗതിയില്‍ ഈ സഹായം നമ്മുക്ക് ലഭിക്കേണ്ടതാണ്. നമ്മുക്ക് അത് കിട്ടും എന്നു തന്നെയാണ് ഞാനിപ്പോഴും പ്രതീക്ഷിക്കുന്നത്.

നമ്മുടെ നാട്ടില്‍ ചില പ്രത്യേക രീതികളുണ്ട്. രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ സംസാരിച്ചത് എന്താണ് എന്ന് അവര്‍ക്ക് മാത്രമേ അറിയൂ. അവരുടെ സഹായം സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറുണ്ടോ എന്നതാണ് ഇവിടെ പ്രശ്നം. നാം തയ്യാറായാല്‍ സഹായിക്കാന്‍ യുഎഇ ശരിയാണ്. പിന്നെ 700 കോടിയുടെ കാര്യം പറഞ്ഞാല്‍ യുഎഇ എന്താണ് വാഗ്ദാനം ചെയ്തതെന്ന് പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ് നമ്മുടെ അറിവില്‍ തുക ഇത്രയാണ്. മറിച്ചാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കട്ടെ. നേരത്തെ പറഞ്ഞ പോലെ ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട് അതൊക്കെ പരിഹരിക്കപ്പെടണം- മുഖ്യമന്ത്രി പറയുന്നു.