ജിഷയില്ലാത്ത ജിഷാ ഭവനത്തിലേക്ക് ഇന്ന് അമ്മ രാജേശ്വരിയും സഹോദരി ദീപയും താമസം മാറും. ജിഷ ജീവിച്ചിരുന്നപ്പോള്‍ വലിയ ആഗ്രഹമായിരുന്നു അടച്ചുറപ്പുള്ള ഒരുവീട്. എന്നാലത് യാഥാര്‍ത്ഥ്യമായത് മരണത്തിന് ശേഷവും. പുതിയ വീട്ടിലേക്ക് മാറുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ജിഷയുടെ അസാനിധ്യം മാതൃഹൃദയത്തിന് തേങ്ങലാകുന്നു.

രണ്ട് കിടപ്പു മുറികളും,അടുക്കളയും അടങ്ങുന്ന 620 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് ജിഷയുടെ കുടുംബത്തിനായി ഒരുങ്ങിയിരിക്കുന്നത്. ചുറ്റുമതില്‍ നിര്‍മാണവും പൂര്‍ത്തിയാക്കി. 11.5 ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മിച്ചത്. സര്‍ക്കാര്‍ സഹായത്തിനൊപ്പം പെരുമ്പാവുര്‍ എസ്ബിഐ ശാഖയില്‍ തുറന്ന അക്കൗണ്ടിലേക്ക് വന്ന പണവും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാഭരണകൂടത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം നിര്‍മാണ സാമഗ്രികളും മറ്റും വ്യാപാരികള്‍ അടക്കമുള്ളവര്‍ സൗജന്യമായി നല്‍കിയിരുന്നു. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണരായി വിജയനാണ് വീട് കൈമാറുക.