ക്രമസമാധാന പാലനത്തിൽ തുടർച്ചയായുണ്ടാകുന്ന വീഴ്ചകള്‍, അച്ചക്കട നടപടികള്‍, ഒടുവിൽ ദാസ്യപ്പണി വിവാദവും ആരോപണങ്ങള്‍ക്കള്‍ക്ക്  നടുവിൽ പൊലീസ് നിൽക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്.

തിരുവനന്തപുരം: ദാസ്യപ്പണി വിവാദവും പൊലീസിനെതിരായ വിമ‍ർശനങ്ങളും കത്തിനിൽക്കേ മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരും. എസ്.പി റാങ്കുമുതലുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി എന്ത് നിർദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ക്രമസമാധാന പാലനത്തിൽ തുടർച്ചയായുണ്ടാകുന്ന വീഴ്ചകള്‍, അച്ചക്കട നടപടികള്‍, ഒടുവിൽ ദാസ്യപ്പണി വിവാദവും ആരോപണങ്ങള്‍ക്കള്‍ക്ക് നടുവിൽ പൊലീസ് നിൽക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്. വീഴ്ചകള്‍ ആവർത്തിക്കരുതെന്ന് മൂന്നു മാസം മുമ്പ് വീഡിയോ കോണ്‍ഫറൻസിലൂടെ മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമാണ് ശ്രീജിത്തിൻറെ കസ്റ്റഡി മരണവും പിന്നാലെ തിയറ്റർപീഡന കേസിലും കെവിന്റെ കൊലപാതക കേസിലുമൊക്കെ വലിയ വീഴ്ചയുണ്ടായത്.

ഈ പശ്ചാത്തത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നിൽ മുഖ്യമന്ത്രി എന്തു നിർദ്ദേശം നൽകുമെന്നതാണ് ശ്രദ്ധേയം. പൊലീസ്, ക്രൈം ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച്, വിജിലൻസ് എന്നീ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിൽ പങ്കെടുക്കും. ദാസ്യപ്പണി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു മുന്നിൽ കർശന നിർദ്ദേശങ്ങള്‍ വയ്ക്കുമെന്നാണറിയുന്നത്. പൊലീസ് സ്റ്റേഷൻ ചുമതല സിഐമാ‍ക്ക് നൽകിയതിനു ശേഷമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എസ്.പിമാരിൽ നിന്നു ശേഖരിക്കാൻ കൂടിയാണ് യോഗം. വീഴ്ചകള്‍ ആവ‍ർത്തിക്കാതിരിക്കാനുള്ള അഭിപ്രായങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായകണമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. രാവിലെ പത്തുമണിക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം.