തിരുവനന്തപുരം: സംസ്ഥാന പൊലീസ് ഒന്നാം സ്ഥാനത്തേക്കു തിരിച്ചുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ അഴിമതി ഒരു തരത്തിലും അനുവദിക്കില്ലെന്നും ജനങ്ങളെ അടിച്ചമര്‍ത്തിയിട്ട് ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പിണറായി പറഞ്ഞു.

പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം പൊലീസ് സേനയുടെ അഭ്യാവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. ക്രമസമധാനം, ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച് എന്നി വിഭാഗങ്ങളിലെ എസ്‌പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ ആസ്ഥാനങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണു മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് സംസാരിച്ചത്.

മിടുക്കരായ ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസിലുണ്ട്. പക്ഷേ ചില മോശപ്പെട്ട ഉദ്യോഗസ്ഥരാണ് സേനയുടെ പേര് നശിപ്പിക്കുന്നത്. കഴിഞ്ഞ കാലത്തുണ്ടായ വീഴ്ചകള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കണം. കേരള പൊലീസ് ഒന്നാം സ്ഥാനത്ത് എത്തണം. പൊലീസില്‍ അഴിമതി അുനവദിക്കില്ല. അഴിമതിക്കെതിരെ പൊലീസും ശക്തമായ നടപടിയെടുക്കണം. തീര്‍പ്പാകാതെ കിടക്കുന്ന കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകണം, സ്ത്രീ സുരക്ഷ പ്രത്യേക പ്രധാന്യം ഉണ്ടാകണം. അനാവശ്യമായി ഗുണ്ടാനിയമം ചുമത്തരുത്. ജനങ്ങളെ അടിച്ചമര്‍ത്തിയിട്ട് പ്രത്യേക നേട്ടം പൊലീസില്ല. മാധ്യമങ്ങളില്‍ അധികം അഭിമുഖങ്ങള്‍ വേണ്ടെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

ചെറിയ പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്തുനിന്നും മടങ്ങി. പൊലീസ് നയത്തെ കുറിച്ചുള്ള പ്രസംഗം ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല, ഉന്നതതല യോഗത്തിനുശേഷം മന്ത്രിയോ ഡിജിപിയോ നടത്തുന്ന വാര്‍ത്താസമ്മേളനവും ഒഴിവാക്കി. മുഖ്യമന്ത്രി മടങ്ങിയ ശേഷം ആഭ്യന്തരസെക്രട്ടറിയും ഡിജിപിയുമാണ് ഉദ്യോഗസ്ഥരോടു സംസാരിച്ചത്.