തിരുവനന്തപുരം: നെല്ലിയാമ്പതിയിൽ പാട്ടക്കരാർ ലംഘിച്ച എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള വനംവകുപ്പ് നീക്കം വൈകിപ്പിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ആദ്യം ഫയൽ തിരിച്ച് വിളിച്ച് നിയമസെക്രട്ടറിയിൽ നിന്നും ഉപദേശം തേടി. എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച്  നിയമസെക്രട്ടറി  റിപ്പോർട്ട് നൽകിയപ്പോൾ  കഴിഞ്ഞ ദിവസം ഫയൽ എജിയുടെ നിയമോപദേശത്തിനും വിട്ടു.

നെല്ലിയാമ്പതിയിൽ പാട്ടത്തിന് നൽകിയ 7 എസ്റ്റേറ്റുകളിലെ 2000 ഏക്കർ തോട്ടം സർക്കാർ ഏറ്റെടുക്കുന്നതായി വനം മന്ത്രി കെ രാജു അറിയിച്ചത് ഫെബ്രുവരി 14-ന്. വനംമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇപ്പോഴും ആ തീരുമാനത്തിന്റെ വിവരങ്ങളുണ്ട്. 

തോട്ടം വീണ്ടെടുക്കുന്നതിനെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രി പിന്നെ കൂടുതൽ ചർച്ച വേണമെന്ന നിലപാടെടുത്തുവെന്നാണ് വിവരം. തിരിച്ചെടുക്കാൻ തത്വത്തിൽ ധാരണ ഉണ്ടായെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. കഴിഞ്ഞയാഴ്ച ഫയൽ നിയമസെക്രട്ടറിക്ക് കൈമാറി. ഏറ്റെടുക്കുന്നതിൽ നിയമതടസ്സില്ലെന്ന ഉപദേശം നിയമസെക്രട്ടറി നൽകി. പക്ഷെ പിന്നെയും ഉപദേശം തേടാനാണ് തീരുമാനം. അങ്ങനെ ഫയൽ അഡ്വക്കേറ്റ് ജനറലിൻറെ നിയമോപദേശത്തിന് വിട്ടു. 

മണലാരു, പോത്ത്പാറ, കരടിമല, ലില്ലി, കൊച്ചിൻ മണലാരു, വിക്ടോറിയ, മോംഗ് വുഡ് എന്നീ എസ്റ്റേറ്റുകൾ ഏറ്റെടുക്കാനായിരുന്നു തീരുമാനം. അനുമതിയില്ലാതെയുള്ള കൈമാറ്റം, ചട്ട ലംഘിച്ചുള്ള ബാങ്ക് വായ്പ, മരംമുറി അടക്കമുള്ള കരാർ ലംഘനങ്ങളായിരുന്നു കാരണം.

തൊഴിലാളികളെ ഇറക്കി തീരുമാനം അട്ടിമറിക്കാനുള്ള ഉടമകളുടെ നീക്കങ്ങളാണ് സർക്കാറിന്റെ മെല്ലെപോക്കിന് പിന്നിലെന്നാണ് സൂചന.  സർക്കാർ ഏറ്റെടുത്താൽ തൊഴിൽ നഷ്ടപ്പെടുമെന്ന പരാതിയുമായി വിവിധ തൊഴിലാളി യൂണിയനുകൾ  സർക്കാറിന് മുന്നിലെത്തിയിരുന്നു.  അതേ സമയം തിടുക്കത്തിൽ തീരുമാനമെടുത്താലുള്ള നിയമക്കുരുക്ക് ഒഴിവാക്കാനാണ് വിദഗ്ധരോട് ഉപദേശം തേടിയതെന്നും ഇതിൽ അസ്വാഭാവികത ഇല്ലെന്നും മുഖ്യമന്ത്രിയുടെെ ഓഫീസ് അറിയിച്ചു.