അസാധുനോട്ട് വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രവര്‍ത്തനരഹിതമായ സഹകരണബാങ്കുകള്‍ വലിയ പ്രതിസന്ധിയിലാണ്.പണമടയ്‌ക്കാന്‍ ആളെത്തുന്നില്ല.പാസാക്കിയ വായ്പ നല്‍കാന്‍ കാശില്ല.നിക്ഷേപിച്ച തുക ആവശ്യപ്പെടുന്നവരെ മടക്കി അയക്കേണ്ട അവസ്ഥ. സ്വര്‍ണപ്പണയവും നടക്കുന്നില്ല. കൗണ്ടറുകള്‍ ശൂന്യം. അടിയന്തര ആവശ്യങ്ങള്‍ക്കായി സഹകരണബാങ്കുകളില്‍ നിന്ന് വായ്പ തരപ്പെടുത്തിയവര്‍ക്കും ദുരിതം.
സഹകരണ ബാങ്കുകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് തദ്ദേശ സ്ഥാപനങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.നികുതിപ്പണമായി 500,1000 നോട്ടുകള്‍ സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. ഇങ്ങനെ കിട്ടുന്ന ദൈനംദിന വരുമാനം തനതു ഫണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്തുകള്‍. മിക്ക തദ്ദേശസ്ഥാപനങ്ങളുടെയും തനതു ഫണ്ട് അക്കൗണ്ട് സഹകരണ ബാങ്കുകളിലാണ്. തനതുഫണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് ചെലവ് നടത്താനും മിക്ക തദ്ദേശസ്ഥാപനങ്ങളും ബുദ്ധിമുട്ടുകയാണ്.
