കാസര്‍കോട്: ചിറ്റാരിക്കാലില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നേരിടാന്‍ പോലീസ് ഒരുക്കിയ സുരക്ഷകേട്ട് ഞെട്ടരുത്. 12,000 വോട്ടര്‍മാരെ നേരിടാന്‍ 300 പോലീസുകാര്‍ , 3 ഡി.വൈ.എസ്.പി, 3 സി.ഐ, 8 പട്രോളിങ് വണ്ടി എന്നിങ്ങനെയായിരുന്നു ആ സുരക്ഷ. 1952 ല്‍ രൂപം കൊണ്ട കാസര്‍കോട്ടെ
ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പാണ് ജില്ല കണ്ട ഏറ്റവും ശക്തമായ പോലീസ് സുരക്ഷാ സംവിധാനത്തില്‍ നടന്നത്.
കാലങ്ങളായി കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന ബാങ്കില്‍ പഞ്ചായത്ത് ഭരിക്കുന്ന ഡി.ഡി.എഫ്. മുന്നണി ബാങ്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയതോടെയാണ് വീറും വാശിയും വന്നത്. കോണ്‍ഗ്രസ് മുന്നണി വിട്ട് ജനകീയ വികസന മുന്നണി എന്നപേരില്‍ രൂപം കൊണ്ട ഡി.ഡി.എഫ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇടതുപക്ഷ പിന്തുണ കൂടി ഡി.ഡി.എഫിന് ലഭിച്ചതോടെ ശക്തമായ മത്സരമാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ നടന്നത്. ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സേനയെ ആവശ്യപ്പെട്ടത് ഡി.ഡി.എഫ്. മുന്നണിയാണ്. സംസ്ഥാന ഭരണസാധീനം ഉപയോഗിച്ച് പോലീസ് സേനയെ ദുരുപയാഗം ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
