ആലപ്പുഴ: സംസ്ഥാനത്തെ തീരദേശ പാതയുടെ നിർമ്മാണം തുടങ്ങാൻ നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു. ആലപ്പുഴ തോട്ടപ്പള്ളിയിലെ മത്സ്യബന്ധന തുറമുഖം തകർക്കാൻ ശ്രമിക്കുന്നത് കരിമണൽ മാഫിയയാണെന്നും ജി സുധാകരൻ ആരോപിച്ചു
സംസ്ഥാനത്തെ തീരദേശ ജില്ലകളിലൂടെ കടന്നുപോകുന്ന പാതയുടെ ആദ്യ ഘട്ട നിർമ്മാണം നിലവിലുള്ള റോഡുകൾ കൂട്ടിയിണക്കിയാകും. 700 കിലോമീറ്ററിലേറെ ദൈർഖ്യമുണ്ട് പാതയ്ക്ക്. ജനവാസ മേഖലകളിൽ ഓവർ ബ്രിഡ്ജുകൾ നിർമ്മിച്ച് പരമാവധി സ്ഥലം ഏറ്റെടുക്കൽ ഒഴിവാക്കും. നിലവിലെ പാലങ്ങൾ മതിയാകാത്തിടത്ത് പുതിയ പാലങ്ങൾ പണിയും. നിർമ്മാണത്തിന് ആവശ്യമായ പണം അനുവദിച്ചിട്ടുണ്ടെന്നും പൊതുമരാമത്തത് വകുപ്പ് മന്ത്രി.
ആലപ്പുഴയിലെ മത്സ്യബന്ധന മേഖലയ്ക്ക് വലിയ മുതൽ കൂട്ടാകേണ്ട തോട്ടപ്പള്ളി ഹാർബർ വീണ്ടെടുക്കാൻ മത്സ്യത്തൊഴിലാളികൾ തന്നെ രംഗത്തെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്ത് അന്പലപ്പുഴയിൽ സംസാരിക്കുയായിരുന്നു ജി സുധാകരൻ.
