ഇന്ത്യന്‍ വിമാനങ്ങളില്‍ സെല്‍ഫി നിരോധിച്ചു. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി ജി സി എയാണ് വിമാനത്തിനുള്ളില്‍ സെല്‍ഫി നിരോധിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം വിമാന ജീവനക്കാരെ അറിയിച്ചത്. വിമാനത്തിനുള്ളില്‍വെച്ച് ജീവനക്കാര്‍ സെല്‍ഫി എടുക്കാനും, യാത്രക്കാരെ ഫോട്ടോ എടുക്കാന്‍പോലും അനുവദിക്കരുതെന്നുമാണ് നിര്‍ദ്ദേശം. സുരക്ഷാകാരണങ്ങളാലാണ് വിമാനത്തിലെ കോക്ക്‌പിറ്റില്‍ ഉള്‍പ്പടെ സെല്‍ഫി നിരോധിക്കാന്‍ തീരുമാനിച്ചത്. 1997-ലെ എ ഐ സി 3 പ്രൊവിഷന്‍ പ്രകാരമാണ് സെല്‍ഫി നിരോധിച്ചിരിക്കുന്നത്. എയര്‍ സേഫ്റ്റി സര്‍ക്കുലറില്‍ സെല്‍ഫി നിരോധനത്തിന്റെ വിവരം, ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വ്യക്തമാക്കിയിട്ടുള്ളത്. സ്‌മാര്‍ട്ട് ഫോണുകളുടെയും മറ്റും ഉപയോഗം വ്യാപകമായതോടെ, യാത്രക്കാരും, എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരുമൊക്കെ വിമാനത്തിനുള്ളില്‍വെച്ച് സെല്‍ഫി എടുക്കുന്നത് സ്ഥിരമായിട്ടുണ്ട്. എന്നാല്‍ ഇത് സുരക്ഷയെ ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിമാനത്തിന്റെ ഉള്‍വശത്തെ ചിത്രങ്ങള്‍ ഭീകരരുടെ കൈവശം എത്തുന്നത് വിമാനറാഞ്ചല്‍ ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.