പാലക്കാട്ട് കേരഫെഡിന്‍റെ നാളികേര സംഭരണം നിലച്ചു. ജില്ലയില്‍ മാത്രം ലക്ഷക്കണക്കിന് നാളികേരമാണ് കേരഫെഡ് സംഭരിക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്നത്. ഇതുവരെ സംഭരിച്ചതില്‍ ആറ് കോടിയോളം രൂപ കര്‍ഷകര്‍ക്ക് ലഭിക്കാനുമുണ്ട്.

പച്ചത്തേങ്ങ പറിച്ച് വച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് ദിവസത്തിലേറെയായി. കേരഫെഡില്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭരണം നിര്‍ത്തിയതായി കര്‍ഷകര്‍ അറിഞ്ഞത്. തോട്ടത്തില്‍ തന്നെ ഓലയിട്ട് മൂടിയ തേങ്ങ മഴ ഏറ്റ് മുളപൊട്ടി തുടങ്ങി.

കിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപ കിട്ടേണ്ട നാളികേരം പതിനൊന്ന് രൂപയ്ക്ക് പുറത്ത് വില്‍ക്കേണ്ട അവസ്ഥയാണ് ഇനി.

മഴ കനത്തതോടെ സംഭരിക്കുന്ന നാളികേരം കൊപ്രയാക്കി മാറ്റാന്‍ സാധിക്കാത്തതാണ് സംഭരണം പാടെ നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ സംഭരിച്ചതിന്‍റെ കണക്കില്‍ ആറ് കോടി രൂപയോളം ലഭിക്കാനുള്ളപ്പോഴാണ് കര്‍ഷകര്‍ക്ക് കേരഫെഡില്‍ നിന്ന് തിരിച്ചടികിട്ടിയിരിക്കുന്നത്.