കോഫി ബോര്‍ഡിന്‍റെ തോട്ടത്തില്‍ അനധികൃത മരംമുറി; വന്‍മരങ്ങള്‍ വിറ്റത് ചുളുവിലയ്ക്ക്

First Published 27, Feb 2018, 12:57 PM IST
Coffee board tree cutting controversy
Highlights
  • തോട്ടത്തിലെ ചോലവെട്ടുന്നതിന്റെ മറവിലാണ് വന്‍മരങ്ങള്‍ വെട്ടിമാറ്റുന്നത്

വയനാട്: കോഫി ബോര്‍ഡിന്റെ കല്‍പറ്റ പെരുന്തട്ടയിലെ തോട്ടത്തില്‍ നിന്നും വന്‍തോതില്‍ മരം മുറിച്ചു കടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മരം മുറിച്ച് കടത്തിയതായും ബാക്കിയുള്ളവ പറമ്പില്‍ കൂട്ടിയിട്ടതായും നാട്ടുകാര്‍ പറഞ്ഞു. ബോര്‍ഡിനു കീഴിലെ മാതൃക കാപ്പിത്തോട്ടത്തിലാണ് മരങ്ങളുടെ ചോലവെട്ടുന്നതിന്റെ മറവില്‍ മരംകൊള്ള. 

വലിയ മരങ്ങളടക്കം നിലംപറ്റെ മുറിച്ചിട്ടുണ്ട്. തോട്ടത്തിലെ വലിയ മരങ്ങളുടെ ചോലവെട്ടുന്നതിനായി അധികൃതര്‍ കരാറുകാരെ ഏല്‍പ്പിച്ചിരുന്നു. തോട്ടത്തിലേക്ക് വെയില്‍ കിട്ടുന്നതിന് ചെറിയ കമ്പുകള്‍ വെട്ടി ഇല ഒഴിവാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതിന് പകരം മരങ്ങള്‍ തന്നെ വെട്ടിമാറ്റുകയായിരുന്നു. മുറിച്ചിട്ട മരത്തടികള്‍ ചെറിയ കഷ്ണങ്ങളാക്കി വാഹനത്തില്‍ കടത്തിയതായും പറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുളളില്‍ നിരവധി ലോഡ് മരങ്ങള്‍ ഇത്തരത്തില്‍ കടത്തിയിട്ടുണ്ടത്രേ. അതേ സമയം കൊണ്ടുപോയ മരത്തടിക്ക് ലോഡിന് 1300 രൂപ എന്ന തോതിലാണ് അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

വിറകിന്റെ വിലയില്‍ പതിനായിരങ്ങള്‍ വിലവരുന്ന മരത്തടികള്‍ കടത്തിയെന്ന് സാരം. അനധികൃത മരം മുറി ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ബോര്‍ഡിന്റെ തോട്ടത്തില്‍ ചോല വെട്ടിമാറ്റുന്നതിന് ചിലരെ ഏല്‍പ്പിച്ചിരുന്നതായും മരംമുറിച്ചതായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോഫി ബോര്‍ഡ് അധികൃതര്‍  പറഞ്ഞു. സംഭവം വിവാദമായതോടെ മുറിച്ചിട്ട മരത്തടികള്‍ സ്ഥലത്ത് നിന്ന്ും മാറ്റി പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
 

loader