പുറ്റിങ്ങല്‍ ദുരന്തത്തില്‍ റവന്യൂ പൊലീസ് തര്‍ക്കം തുടരുന്നു. പൊലീസിനെ തീര്‍ത്തും പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിരുന്നു കളക്ടറുടെ മൊഴി. കൊല്ലം ഇന്റലിജന്‍സ് യൂണിറ്റും സംസ്ഥാന ഇന്റലിജന്‍സും പുറ്റിങ്ങലില്‍ വെടിക്കെട്ട് നടത്തിയാല്‍ അപകടമുണ്ടാകുമെന്ന വിവരം നല്‍കിയെങ്കിലും പൊലീസ് അത് പൂഴ്ത്തി. ഏപ്രില്‍ എട്ടിന് വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ഉത്തരവിട്ടിട്ടും അത് നടപ്പാക്കാന്‍ പൊലീസ് തയ്യാറായില്ല. വെടിക്കെട്ട് നടന്ന് മിനിട്ടുകള്‍ക്കകം ചെറിയ അപകടമുണ്ടായപ്പോഴും പൊലീസ് കാഴ്ചക്കാരായി. വെടിക്കെട്ടിന് അനുമതി നിഷേധിച്ച ശേഷവും തന്നെ കാണാന്‍ കളക്ട്രേറ്റില്‍ ക്ഷേത്രഭാരവാഹികള്‍ വന്നിരുന്നെന്നും കളക്ടറുടെ മൊഴിയിലുണ്ട്. എന്നാല്‍ ആചാരപരമായി മാത്രമേ വെടിക്കെട്ട് നടത്തൂവെന്നാണ് ക്ഷേത്രഭാരവാഹികള്‍ പൊലീസിനെ അറിയിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പി പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അചാരപരമായ വെടിക്കെട്ട് നടത്താന്‍ പൊലീസ് അനുമതി നല്‍കിയിരുന്നു. അനുമതി നല്‍കുന്നത് സംബന്ധിച്ച് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നും പ്രകാശിന്റെ മൊഴിയിലുണ്ട്. വെടിക്കെട്ടിന് താന്‍ വാക്കാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എഡിഎമ്മായിരുന്ന ഷാനവാസും വ്യക്തമാക്കി. രാവിലെ മൊഴി നല്‍കാന്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പീതാംബരക്കുറുപ്പിന്റെ കാര്‍ പള്ളിപ്പുറത്ത് വച്ച് ലോറിയുമായി കൂട്ടിയിടിച്ചു. പീതാബരക്കുറുപ്പിന് നിസാര പരിക്കുണ്ട്. കുറുപ്പിന്റെ മൊഴി പിന്നീട് രേഖപ്പെടുത്തും.