ജയ്പൂർ: സർക്കാർ കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിട്ടറി പാഡുകൾ വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. പദ്ധതിക്കായി 2.5 കോടി രൂപയാണ് സർക്കാർ വകയിരുത്തിരിക്കുന്നത്. പദ്ധതി നടപ്പായാൽ കോളേജ് വിദ്യാർത്ഥികൾക്ക് സാനിട്ടറി പാഡുകൾ സൗജന്യമായി നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും രാജസ്ഥാൻ. സംസ്ഥാനത്തെ  ആരോഗ്യ ഉപദേശകസമതിയുടെ ആവശ്യത്തെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 189 സർക്കാർ കോളേജുകളിൽ സൗജന്യ നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിൻ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്. ഇതിലൂടെ 2.8 ലക്ഷത്തോളം വരുന്ന സർക്കാർ കോളേജുകളിലെ വിദ്യാർത്ഥിനികൾക്കും നിർദ്ധനരായ കുട്ടികൾക്കും ഈ പദ്ധതി ഉപകാരപ്രദമാകും. 

പദ്ധതിയുടെ ഭാഗമായി നേരത്തെ വസുന്ധര രാജെ-സർക്കാർ ഏതാനും സ്കൂളുകളിലും റെയിൽവേ സ്റ്റേഷനുകളിലും  മെഷിനുകൾ  സ്ഥാപിച്ചിരുന്നു. അടുത്ത അധ്യായന വർഷം മുതലാകും പദ്ധതി നടപ്പാക്കുക.