മോസ്കോ: ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെ കൊളംബിയന്‍ ആരാധകര്‍ക്ക് നിരാശ. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് തിരിച്ചു കയറിയ സൂപ്പര്‍ താരം ജെയിംസ് റോഡിഗ്രസില്ലാതെയാണ് നിര്‍ണായക പോരാട്ടത്തിന് കൊളംബിയ ഇറങ്ങുന്നത്.

കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ റോഡിഗ്രസ് ഇല്ലാത്തത് ലാറ്റിനമേരിക്കന്‍ ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഫല്‍ക്കാവോയെ മാത്രം മുന്നില്‍ നിര്‍ത്തി 4-2-3-1 എന്ന ശെെലിയിലാണ് പെക്കര്‍മാന്‍ ടീമിനെ വിന്യസിച്ചിരിക്കുന്നത്. മറുവശത്ത് സൂപ്പര്‍ താരങ്ങളെ എല്ലാം അണിനിരത്തി സ്ഥിരം ഫോര്‍മേഷനായ 3-5-2 ഗാരത് സൗത്ത്ഗേറ്റും പരീക്ഷിച്ചു.

കെയ്നും സ്റ്റെര്‍ലിംഗും മുന്നേറ്റ നിരയില്‍ ഇറങ്ങുമ്പോള്‍ ലിങ്കാര്‍ഡും ഡെലെ അലിയും ട്രിപ്പറും ഹെന്‍ഡേഴ്സണും യംഗും മധ്യനിരയില്‍ കളിക്കും. വാല്‍ക്കര്‍, സ്റ്റോണ്‍സ്, മാഗ്യൂര്‍ എന്നിവര്‍ പ്രതിരോധം കാക്കുമ്പോള്‍ പിക്ഫോര്‍ഡ് വലയ്ക്കു മുന്നില്‍ കാവല്‍ നില്‍ക്കും.