തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതലയിൽ നിന്നും കമാന്‍റോകളെ ഒഴിവാക്കി. സായുധ പൊലീസ് വിഭാഗം ഇനി മുതൽ സുരക്ഷാ ചുമതല നോക്കിയാല്‍ മതിയെന്ന് ഐജി മനോജ് എബ്രഹാം നിർദ്ദേശം നൽകി. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കോടികളുടെ നിധി നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സുരക്ഷ ശക്തമാക്കിയത്. ലോക്കൽ പൊലീസിനൊപ്പം ക്ഷേത്ര കവാടങ്ങളിൽ കമാന്‍റോകളെയും നിയോഗിച്ചു. അമ്പത് കമാന്‍റോകളെയാണ് ക്ഷേത്ര സുരക്ഷയ്ക്കായി നിയോഗിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുമായി പ്രത്യേകം പരിശീലനം നേടിയവാരാണ് കമാന്‍റോകള്‍‍. 

ഇവരെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയർന്നതോടെയാണ് ക്ഷേത്ര സുരക്ഷാ ചുമതയിൽ നിന്നും കമാന്‍റോകളെ റെയ്ഞ്ച് ഐജി മനോജ് എബ്രഹാം ഒഴിവാക്കിയത്. പാറാവ് ജോലി ഉള്‍പ്പെടെ എല്ലാം സായുധ പൊലീസ് നോക്കും. പെട്രോളിങ്ങുമായി കമാന്‍റോകളുടെ ഒരു വിഭാഗം ക്ഷേത്രത്തിലുണ്ടാകും. ഏത് അടിയന്തരസാഹചര്യം വന്നാലും നേരിടാൻ സന്നദ്ധരായി കമാന്‍റോകളെ പ്രത്യേകം സജ്ഞമാക്കി നിർത്തുമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ച കമാന്‍റോകളുടെ പരിശീലനം മുടങ്ങിയിരുന്നു. ഇവർക്ക് വീണ്ടും കായികക്ഷമതാ പരിശോധനയും നടത്തുന്നുണ്ട്.