കാർഷിക കടങ്ങൾ എഴുതിത്തള്ളാനായില്ലെങ്കിൽ രാജിവച്ച് രാഷ്‍ട്രീയം അവസാനിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി
ദില്ലി: കാർഷിക കടങ്ങൾ എഴുതിത്തള്ളാനായില്ലെങ്കിൽ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനങ്ങൾ ബിജെപിയുടെ ഗൂഢാലോചനയിൽ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക കടം എഴുതിത്തള്ളുന്നതിന് ചില മാർഗനിർദേശങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കുമാരസ്വാമി. വളരെ കൃത്യമായി പറയാൻ ആഗ്രഹിക്കുകയാണ്, കാർഷിക കടങ്ങൾ എഴുതിത്തള്ളും.
അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനകം കടം എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇത് സത്യമാണ്. ശ്വാസം വിടാനെങ്കിലും നിങ്ങൾ അവസരം നൽകണം. ഇന്ന് തനിക്ക് നിരവധി പരിമിതികളുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
