ദില്ലി: ക്രൂര പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനമാണോ നടത്തുന്നതെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാരിന്റെ നിർഭയ പദ്ധതിയിൽനിന്ന് വൻതുക ലഭിച്ചിട്ടും, മാനഭംഗത്തിന്റെ ഇരകൾക്ക് 6,500 രൂപ മാത്രം സഹായധനം നൽകിയ മധ്യപ്രദേശ് സർക്കാരാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന് ഇരയായത്. നി‍ർഭയ പദ്ധതിപ്രകാരം കേന്ദ്രസർക്കാരിൽനിന്ന് ഏറ്റവും കൂടുതൽ പണം കൈപ്പറ്റുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശ്, മാനഭംഗത്തിന് ഇരകളായവർക്ക് 6000–6500 രൂപ മാത്രം നൽകുന്നത് ഞെട്ടിച്ചതായും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് മദൻ ബി.ലൊക്കൂർ, ദീപക് ഗുപ്ത എന്നിവർ അംഗങ്ങളാണ് ബെഞ്ചാണ് മാനഭംഗത്തിന് ഇരകളായവരോടുള്ള മധ്യപ്രദേശ് സർക്കാരിന്റെ മനോഭാവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. മാനഭംഗത്തിന് ഇരകളാക്കപ്പെട്ടവർക്ക് നൽകുന്ന ധനസഹായത്തെക്കുറിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കുമ്പോഴാണ് കോടതി കടുത്ത രോഷം പ്രകടിപ്പിച്ചത്.

നിങ്ങൾ ഇവിടെ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് മാനഭംഗം ചെയ്യപ്പെട്ട ഒരാൾക്ക് ശരാശരി 6,000 രൂപയാണ് നിങ്ങൾ ധനസഹായം നൽകുന്നത്. ഇതെന്താണ് ജീവകാരുണ്യ പ്രവർത്തനമോ? ഇപ്രകാരം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? ഒരു മാനഭംഗത്തിന് 6,500 രൂപയാണോ നിങ്ങൾ കാണുന്ന മൂല്യമെന്നും കോടതി ചോദിച്ചു. കണക്കുകൾ നോക്കിയാൽ നിങ്ങളുടെ നമ്പരുകൾ എത്രയോ കൂടുതലാണ്. 1951 പേരാണ് സംസ്ഥാനത്ത് മാനഭംഗത്തിന് ഇരകളായത്. ഓരോരുത്തർക്കും നിങ്ങൾ 6000–6500 രൂപ നൽകുന്നു. ഇതൊരു ഭേദപ്പെട്ട തുകയാണോ? യാതൊരു ഔചിത്യവുമില്ലാത്ത നടപടിയാണിതെന്നും കോടതി വിമർശിച്ചു.

പീഡനത്തിന് ഇരയാവുന്നവര്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരം സംബന്ധിച്ച് സുപ്രീം കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്. മാനഭംഗത്തിന് ഇരകളാക്കപ്പെട്ടവരുടെ എണ്ണം, നിർഭയ പദ്ധതി പ്രകാരം കേന്ദ്രസർക്കാരിൽ നിന്ന് കൈപ്പറ്റിയ പണം, അതിൽ വിതരണം ചെയ്ത പണം എന്നിങ്ങനെ തരംതിരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമാണ് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിലേക്കു നയിച്ചത്. ഇനിയും 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം സമർപ്പിക്കാനുണ്ട്. ഓരോ സംസ്ഥാനങ്ങളും സ്ത്രീസുരക്ഷയ്ക്ക് എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ടെന്നതിന്റെ തെളിവാണ് സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വരുത്തുന്ന ഈ കാലതാമസമെന്നും കോടതി നിരീക്ഷിച്ചു.