ഓഖി ദുരന്തമുണ്ടായി ഒരു വര്‍ഷം ഒന്നു തികയുമ്പോഴും പരുക്കേറ്റ എല്ലാവർക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ഇനിയും കിട്ടിയില്ല. അഞ്ഞൂറിലേറെ പേർക്ക് ഇനിയും സഹായം കിട്ടാനുണ്ടെന്ന് ലത്തീൻ അതിരൂപത പറയുന്നു. എല്ലാ സഹായവും നൽകിക്കഴിഞ്ഞെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്.
തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായി ഒരു വര്‍ഷം ഒന്നു തികയുമ്പോഴും പരുക്കേറ്റ എല്ലാവർക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ഇനിയും കിട്ടിയില്ല. 500 ലേറെ പേർക്ക് ഇനിയും സഹായം കിട്ടാനുണ്ടെന്ന് ലത്തീൻ അതിരൂപത വിശദമാക്കുന്നു. എന്നാല്‍ സർക്കാർ മാനദണ്ഡം അനുസരിച്ച് ആർക്കും സഹായം കിട്ടാനില്ലെന്ന വിശദീകരണമാണ് ഫിഷറീസ് വകുപ്പ് നൽകുന്നത്.
മല്‍സ്യബന്ധനത്തിന് തുടര്‍ന്ന് പോകാന്‍ സാധിക്കാത്തവര്‍ക്ക് ബദല്‍ ജീവനോപാധിയായി 5ലക്ഷം രൂപ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് അഞ്ച് ലക്ഷം കിട്ടാത്ത നിരവധി പേർ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലുണ്ട്. ഓഖിയില്‍പെട്ടവരെ രക്ഷിക്കാനിറങ്ങി തിരയില്‍പെട്ട് ഗുരുതര പരുക്കേറ്റ മൈക്കിളിന്റെ ഒരു കയ്യും അരയ്ക്കുതാഴേയും പൂര്‍ണമായും തളര്‍ന്നു. അന്നുമുതല്‍ കിടപ്പുരോഗിയായ മൈക്കിളിന് ഇതുവരെ കിട്ടിയത് 20000 രൂപ മാത്രമാണ്.
പൂന്തുറ സ്വദേശി ലേ അടിമയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓഖിയില്‍പെട്ട് മരണത്തെ മുഖാമുഖം കണ്ട് നാലുദിവസമാണ് കടലില്‍ കിടന്നത്. ഒടുവില്‍ രക്ഷപ്പെടുത്തി കരയിലെത്തിച്ചപ്പോഴേക്കും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഇപ്പോള്‍ കടലില്‍ പോകാനാകാത്ത സ്ഥിതിയിലുള്ള ലേ അടിമക്ക് കിട്ടിയത് നാല്‍പതിനായിരം രൂപ മാത്രമാണ്.
അതേസമയം പൂർണ്ണ അംഗവൈകല്യം സംഭവിച്ചവർക്കാണ് അഞ്ച് ലക്ഷം പ്രഖ്യാപിച്ചതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. എങ്കിൽപ്പോലും മൈക്കലും ലേ അടിമയുമൊക്കെ എങ്ങിനെ പട്ടികയിൽ നിന്നും പുറത്തായെന്ന് വകുപ്പ് അധികൃതർ വിശദമാക്കുന്നില്ല.
