വീട്ടിലേക്കുള്ള വഴിയുമായി ബന്ധപെട്ട് അയല്‍വാസികളായ ചിലരുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സുധാകരൻ കോടതിയില്‍ കേസ് നടത്തുന്നുണ്ട്. ഈ കേസില്‍ അടുത്തിടെ സുധാകരന് അനുകൂലമായി വിധി വന്നിരുന്നു
മലപ്പുറം: വഴിത്തര്‍ക്കത്തില്‍ അനുകൂല കോടതി വിധി നേടിയ വിരോധത്തില്‍ അയല്‍വാസി കൂടോത്രം ചെയ്തെന്ന് പരാതി. കൂടോത്രത്തിനും മതില്‍ പൊളിച്ചതിനുമെതിരെ മലപ്പുറം ചെറിയമുണ്ടത്തെ ഒരു കുടുംബം ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി.
ചെറിയമുണ്ടം സ്വദേശി ആശാരിപറമ്പില്‍ സുധാകരനും ഭാര്യ വസന്തയുമാണ് അയല്‍വാസി കൂടോത്രം ചെയ്തെന്ന പരാതിയുമായി മലപ്പുറം എഡിഎമ്മിനെ സമീപിച്ചത്. വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് അയല്‍വാസികളായ ചിലരുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സുധാകരൻ കോടതിയില്‍ കേസ് നടത്തുന്നുണ്ട്.
ഈ കേസില്‍ അടുത്തിടെ സുധാകരന് അനുകൂലമായി വിധി വന്നിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ സുധാകരൻ മതിലും കെട്ടി. ഇതിന് പിന്നാലെയാണ് വീട്ടുമുറ്റത്ത് കൂടോത്രം ചെയ്തതെന്ന് സുധാകരൻ പറഞ്ഞു. കേസ് നടക്കുന്നതിനിടെയും പലപ്പോഴായി ഇത്തരം ദുര്‍മന്ത്രവാദങ്ങള്‍ തങ്ങള്‍ക്കെതിരെ നടന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു.
കോടതി വിധിയെ തുടര്‍ന്ന് കെട്ടിയ മതില്‍ തിരൂര്‍ പൊലീസിനെ സ്വാധീനിച്ച് അയല്‍വാസികള്‍ പൊളിച്ചു കളഞ്ഞെന്നും സുധാകരൻ എഡിഎമ്മിന് നല്‍കിയ പരാതി പറഞ്ഞു. ജില്ലാ ഭരണകൂടത്തില്‍ നിന്ന് ആവശ്യമായ നടപടികളുണ്ടായില്ലെങ്കില്‍ മതില്‍ പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണ് സുധാകരന്‍റെ തീരുമാനം. എന്നാല്‍, പരാതിയില്‍ അന്വേഷിക്കാൻ ചെന്നുവെന്നല്ലാതെ മതില്‍ പൊളിച്ചതുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.
