കൊച്ചി: എയര്‍ ഇന്ത്യയുടെ അനാസ്ഥ മൂലം കൊച്ചിയില്‍ നിന്ന് 16 പേരുടെ വിദേശയാത്ര മുടങ്ങിയെന്ന് ആരോപണം. രാത്രി 8.20നുള്ള വിമാനയാത്രയാണ് മുടങ്ങിയത്. ഇന്ന് മുതല്‍ പുതിയ അന്തരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് പുറപ്പെടണമെന്ന കാര്യം എയര്‍ ഇന്ത്യ അറിയിക്കാഞ്ഞതാണ് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

ഈ യാത്രക്കാര്‍ പഴയ ടെര്‍മിനലിലാണ് വിമാനം കയറാനെത്തിയത്. തെറ്റ് മനസ്സിലാക്കി പുതിയ ടെര്‍മിനലില്‍ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. ഇത് മൂലം ഇവര്‍ക്ക് വിമാനം കയറാന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്ലാ യാത്രക്കാരെയും പുതിയ ടെര്‍മിനലില്‍ എത്തണമെന്ന കാര്യം അറിയിച്ചിരുന്നതായി എയര്‍ ഇന്ത്യ പ്രതികരിച്ചു. 150 യാത്രക്കാരില്‍ 134 പേരും പുതിയ ടെര്‍മിനലില്‍ എത്തിയിരുന്നുവെന്നും എയര്‍ ഇന്ത്യാ വക്താവ് പറഞ്ഞു.